കാര്യവട്ടം ക്യാമ്പസിൽ എർത്ത് ആൻഡ് പ്ളാനറ്റ് എക്‌സ്‌പോ

Wednesday 24 September 2025 3:39 AM IST

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ജിയോളജി വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എർത്ത് ആൻഡ് പ്ളാനറ്റ് എക്‌സ്‌പോയ്‌ക്ക് ഇന്നലെ തുടക്കമായി.

കോളേജ് ഒഫ് എൻജിനിയറിംഗ് ഗോൾഡൻ ജൂബിലി ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം. ഭൂശാസ്ത്രത്തെയും ബഹിരാകാശ ശാസ്ത്രത്തെയും കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ അറിവ് പകരുക എന്നതാണ് എക്‌സ്‌പോയുടെ ലക്ഷ്യം. ചന്ദ്രൻ,ചൊവ്വ,സൂര്യൻ എന്നിവയിലേക്കുള്ള ഐ.എസ്.ആർ.ഒയുടെ ദൗത്യങ്ങളും വിവരണ മോഡലുകളും,വിവിധ ഗ്രഹങ്ങളുടെ അന്തരീക്ഷ ഗവേഷണങ്ങളും,വിവിധതരം പാറകൾ,ധാതുക്കൾ, ഫോസിലുകൾ,ഭൂശാസ്ത്ര ദൃശ്യാവിഷ്കാരങ്ങൾ,സജീവവും ആകർഷകവുമായ ഫോട്ടോ പ്രദർശനങ്ങളും എക്സ്‌‌പോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിക്രം സാരാഭായ് സ്പേസ് സെന്റർ,ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ,നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്,സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്,ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ്,മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്,സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ്,ഗ്രൗണ്ട് വാട്ടർ വകുപ്പ്,ലാൻഡ് യൂസ് വകുപ്പ്,എർത്ത് ആൻഡ് സ്പേസ് സയൻസ് വകുപ്പ്,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങി കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളും വകുപ്പുകളും എക്സ്പോയിൽ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യമായ എക്‌സിബിഷൻ 27വരെ ഉണ്ടാകും.