പോത്തൻകോട്ട് വിദ്യാർത്ഥി സംഘർഷം: ഒരാൾക്ക് കുത്തേറ്റു
പോത്തൻകോട്: പോത്തൻകോട് ബസ് ടെർമിനലിൽ വിദ്യാർത്ഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വയറിലും മുതുകിലും മുറിവേറ്റ വിദ്യാർത്ഥിയെ പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ വിദ്യാർത്ഥിക്ക് കുത്തേറ്റെന്നത് ശരിയല്ലെന്നും സംഘർഷത്തിനിടെ ഫുട്ബോർഡിലെ ഇളകിയ മെറ്റൽഷീറ്റ് കൊണ്ട് പരിക്കേറ്റെന്നുമാണ് വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും പൊലീസും പറയുന്നത്. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്നും പോത്തൻകോട് പൊലീസ് വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് യാത്രക്കാരും പറയുന്നു.
ഇന്നലെ രാവിലെ 8.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. തലേദിവസം ഇതേ വിദ്യാർത്ഥി സംഘങ്ങൾ ബസ് ടെർമിനലിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിലുൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇവരുടെ രക്ഷകർത്താക്കളെ വരുത്തിച്ച് താക്കീതുനൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായ സംഘർഷം. ഇതിനുമുമ്പും നിരവധി തവണ പോത്തൻകോട് ബസ് ടെർമിനലിൽ വിദ്യാർത്ഥി സംഘർഷമുണ്ടായിട്ടുണ്ടെന്നും പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.