500ാമനായി വെറോണ : വണ്ടർ പോർട്ടായി വിഴിഞ്ഞം

Wednesday 24 September 2025 3:47 AM IST

വിഴിഞ്ഞം: ഇന്ത്യയിലെത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ( കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ചരക്കുകപ്പൽ എം.എസ്.സി വെറോണ വിഴി‌ഞ്ഞത്ത് അഞ്ഞൂറാമനായി എത്തി. ഇന്നലെ പുലർച്ചെയാണ് തുറമുഖത്ത് ബർത്ത് ചെയ്തത്. 2024 ഡിസംബറിൽ ആരംഭിച്ചശേഷം പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം.

17.1 മീറ്റർ ഡ്രാഫ്റ്റുള്ള കപ്പലാണിത്. 17 മീറ്ററായിരുന്നു ഇതിനു മുമ്പ് ഇന്ത്യൻ തുറമുഖങ്ങളിലെ റെക്കാർഡെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്‌നർ വെസൽസുകളാണ്. ഇന്ത്യയിലെ ഒരു തുറമുഖങ്ങളിലെ അപൂർവ നേട്ടമാണ്.

വിഴിഞ്ഞത്ത് ഇതുവരെ കൈകാര്യം ചെയ്‌ത കണ്ടെയ്‌നറുകൾ 11 ലക്ഷം ടി.ഇ.യു പിന്നിട്ടു. ഇന്ത്യയുടെ കടൽ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം വ്യക്തമാക്കുന്ന നേട്ടമാണിത്. 18-20 മീറ്റർ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാൻഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ അതിവേഗം ഉയർന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഉറച്ച ചുവടോടെ വിഴിഞ്ഞം: മന്ത്രി

ഒരു ദിവസം രണ്ട് റെക്കാഡാണ് വിഴിഞ്ഞം തുറമുഖം സൃഷ്ടിച്ചിരിക്കുന്നത്. വിഴിഞ്ഞം വളർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഘട്ടവും ഉറച്ച ചുവടോടെ എന്നും ലോകത്തിന്റെ ഏതു കോണിൽ പോയാലും " വിഴിഞ്ഞം - തിരുവനന്തപുരം - കേരള - ഇന്ത്യ " എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കുമുണ്ടാകുന്ന അഭിമാനം ചെറുതല്ലല്ലോ എന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

അടുത്തഘട്ടം ഒക്ടോബർ മുതൽ

അടുത്തഘട്ട നിർമ്മാണ തറക്കല്ലിടൽ ഒക്ടോബറിൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വരും മുമ്പ് മുഖ്യമന്ത്രി രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിക്കും.

കരമാർഗം ഉടൻ

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന താത്കാലിക പാത നിർമ്മാണം അന്തിമഘട്ടത്തിലാണ്.

രണ്ടുമാസത്തിനുള്ളിൽ തിരുവനന്തപുരം ഭാഗത്തേക്ക് ഇതുവഴി കണ്ടെയ്‌നർ ലോറികൾ കടന്നുപോകും

ഫോട്ടോ: ഇന്നലെ പുലർച്ചെ വിഴിഞ്ഞത്ത് ബർത്ത്

ചെയ്‌ത കപ്പൽ എം.എസ്.സി വെറോണ