ലണ്ടനിൽ മധുര ഗാനങ്ങളുമായി ആരാധകരെ കീഴടക്കി രാകേഷ് ബ്രഹ്മാനന്ദനും നവീൻ മാധവും
ലണ്ടൻ: മലയാള സാഹിത്യവേദിയും ലാലാ 2025ഉം സംയുക്തമായി ലണ്ടനിലെ ബാർക്കിംഗ് റിപ്പിൾ സെന്ററിൽ സംഘടിപ്പിച്ച ഗാനമേളയും അവാർഡ് ദാനവും ആസ്വാദകർക്ക് ഹരമായി മാറി. രാകേഷ് ബ്രഹ്മാനന്ദനും നവീൻ മാധവും ആസ്വാദകരെ തങ്ങളുടെ മധുര ഗാനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു.
പിതാവ് ബ്രഹ്മാനന്ദൻ മാസ്റ്ററുടെ ഗാനങ്ങളിലൂടെ പാടിത്തുടങ്ങിയ രാകേഷ് മെലഡി ഗാനങ്ങളുടെ മധുരിമയിൽ തുടങ്ങി ഫാസ്റ്റ് ഗാനങ്ങളിലൂടെ പാടിക്കയറി ആസ്വാദകരെ പിടിച്ചെടുക്കയായിരുന്നു. രവീന്ദ്രൻ മാസ്റ്ററുടെ മകൻ നവീൻ മാധവ് പിതാവിന്റെ പാതയിൽ നിന്നും മാറി തന്റെ സ്വന്തം ശൈലിയിൽ ഫാസ്റ്റ് നമ്പറുകളുടെ സുൽത്താൻ ആയി ആസ്വാദകരെ തട്ടിയെടുക്കുകയായിരുന്നു. ഇതേ വേദിയിൽ വച്ചുതന്നെ 2025ലെ കെപി ബ്രഹ്മാനന്ദൻ അവാർഡ് നവീൻ മാധവിന് നൽകി ആദരിച്ചു. വിവിധ മേഖലയിലുള്ളവർക്കും മലയാള സാഹിത്യവേദിയുടെ അവാർഡുകൾ നൽകി. സാഹിത്യത്തിനുള്ള അവാർഡ് സൗമ്യ സോമന് ലഭിച്ചു. വിവിധ രംഗത്ത് സേവനവും മികവും കാട്ടിയ രാകേഷ് ശങ്കരൻ, പോൾ ഗോപുരത്തിങ്കൾ, അമ്പിളി മൊബിൻ, റീന ജോൺ എന്നിവർ അവാർഡിനർഹരായി. സംഘാടകരിൽ ഒരാളും നടനും സംവിധായകനുമായ ജിബി ഗോപാലൻ സ്വാഗതം ആശംസിച്ചു. അപർണ സൗപർണികയും ജെൻസിയും പരിപാടികളുടെ അവതാരകരായിരുന്നു. രാജേഷ് നാലാഞ്ചിറ നന്ദി പറഞ്ഞു.