17 വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കി, വ്യാജ കാറിൽ കറക്കം; പ്രശസ്ത ബാബക്കെതിരെ കേസ്
ന്യൂഡൽഹി: പ്രശസ്‌ത ആശ്രമത്തിലെ ഡയറക്‌ടർ 17 വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി. ഡൽഹി വസന്ദ് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്‌ടർ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥിക്കെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനത്തിൽ സാമ്പത്തിക പിന്നോക്ക വിഭാഗത്തിൽ (ഇഡബ്ള്യുഎസ്) സ്‌കോളർഷിപ്പോടെ പോസ്റ്റ് ഗ്രാജുവേറ്റ് മാനേജ്‌മെന്റ് ഡിപ്ളോമ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥിനികളാണ് പരാതി നൽകിയിരിക്കുന്നത്.
ആക്ഷേപകരമായ ഭാഷയിൽ സംസാരിച്ചു, അശ്ലീല സന്ദേശങ്ങൾ അയച്ചു, ബലമായി ശരീരത്തിൽ സ്‌പർശിച്ചു എന്നിങ്ങനെയുള്ള പരാതികളാണ് സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ഉയർന്നത്. ഡയറക്‌ടറുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ വിദ്യാർത്ഥിനികളെ അദ്ധ്യാപികമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും നിർബന്ധിച്ചതായും പരാതിയിലുണ്ട്. ആശ്രമത്തിലെ വാർഡൻമാരാണ് ചൈതന്യാനന്ദയെ പരിചയപ്പെടുത്തിയതെന്ന് ചില വിദ്യാർത്ഥിനികൾ പറഞ്ഞു. വിദ്യാർത്ഥിനികളുടെ പരാതിയിൽ ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
സ്ഥാപനത്തിലും ചൈതന്യാനന്ദയുടെ വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇയാൾ സ്ഥലത്തില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. റെയ്ഡിനിടെ സ്ഥാപനത്തിന്റെ ബേസ്‌മെന്റിൽ നിന്ന് ചൈതന്യാനന്ദ ഉപയോഗിക്കുന്ന കാർ പൊലീസ് കണ്ടെടുത്തു. കാറിന്റെ നമ്പർ പ്ളേറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ചൈതന്യാനന്ദയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഡയറക്‌ടർ സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കിയതായി ആശ്രമത്തിന്റെ നടത്തിപ്പുകാരായ ശ്രിംഗേരി ദക്ഷിണാംനയ ശ്രീ ശാരദ പീത അറിയിച്ചു. ചൈതന്യാനന്ദയുടെ പ്രവൃത്തികൾ അനധികൃതമാണെന്നും സ്ഥാപനത്തിന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ശാരദ പീത പ്രസ്‌താവനയിൽ വ്യക്തമാക്കി.