മോഷണം തടയാൻ ശ്രമിച്ച ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവം; പ്രതിയെ പിടികൂടിയത് കോഴിക്കോട്ടുനിന്ന്

Wednesday 24 September 2025 12:27 PM IST

കോഴിക്കോട്: മുംബയിൽ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കുർള പൊലീസാണ് കോഴിക്കോടുനിന്ന് സൈഫ് ചൗധരിയെന്ന നാൽപ്പതുകാരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എട്ടിന് ട്രെയിൻ യാത്രക്കാരന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഇയാൾ പൊലീസ് പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബയിൽ നടന്ന സംഭവത്തിലെ പ്രതി സൈഫ് തന്നെയെന്ന് കുർള പൊലീസ് കണ്ടെത്തിയത്.

ആയുർവേദ ഡോക്ടർ ദമ്പതികളായ യോഗേഷ് ദേശ്‌മുഖ്, ദീപാലി എന്നിവർ ജൂൺ നാലിന് എൽടിടി – നാന്ദേഡ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി ദീപാലിയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഇതോടെ ബാഗ് തിരികെ വാങ്ങാനായി യോഗേഷ് ബർത്തിൽ നിന്നിറങ്ങി. പിടിവലിക്കിടെ മോഷ്ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്ക് വീണു. ഇതിനിടെ, യോഗേഷിന്റെ ഇടത് കൈപ്പത്തിയിലൂടെ ട്രെയിൻ കയറിയിറങ്ങി. പരിക്കേറ്റ ഭർത്താവുമായി ട്രാക്കിന് കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് യോഗേഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ട്രെയിനിൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന ഒമ്പത് വയസുള്ള മകളെ റെയിൽവേ പൊലീസ് കല്യാൺ സ്റ്റേഷനിൽ ഇറക്കി സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് കോഴിക്കോട്ട് കഴിഞ്ഞ മാസം സമാന രീതിയിലുള്ള മോഷണം നടന്നെന്നും പ്രതി അറസ്റ്റിലായെന്നുമുള്ള വിവരം മുംബയ് റെയിൽവേ പൊലീസ് അറിഞ്ഞത്. തു‌ടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരാൾ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ട്രെയിനിൽ അനധികൃതമായി മൊബൈൽ ഹെഡ്ഫോണും മറ്റ് സാധനങ്ങളും കച്ചവടം ചെയ്തിരുന്ന സൈഫ് ചൗധരിക്കെതിരെ നിലവിൽ 30 മോഷണക്കേസുകളുണ്ട്. ദീർഘദൂര ട്രെയിനുകളിൽ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇയാൾ മോഷണത്തിനായി ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു.