വായിൽ കല്ല്, ചുണ്ടുകൾ പശവച്ച് ഒട്ടിച്ച നിലയിൽ; പിഞ്ചുകുഞ്ഞിനെ വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

Wednesday 24 September 2025 12:50 PM IST

ജയ്‌പൂർ: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ വായിൽ കല്ലും കണ്ടെത്തി. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാനാകും ഇങ്ങനെ ചെയ്തത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കന്നുകാലികളെ മേയ്‌ക്കുന്ന ആളാണ് വനമേഖലയിൽ കുട്ടിയെ കണ്ടത്. ഇയാൾ ഉടൻ തന്നെ കുഞ്ഞിന്റെ വായിൽ നിന്ന് കല്ല് നീക്കം ചെയ്‌തു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ ചികിത്സയിലാണ്. ഭിൽവാരയിലെ മണ്ഡൽഗഡിലെ ബിജോളിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള വനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവങ്ങളുടെ കണക്ക് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ആളുകളെയും ചോദ്യം ചെയ്യുന്നുണ്ട്. അപായം സംഭവിക്കാൻ ഏറെ സാദ്ധ്യതയുള്ള പ്രദേശത്ത് നിന്ന് അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.