5,000 രൂപ വാഗ്ദാനം ചെയ്ത് ഉപദ്രവം; യുവതിയെ ആക്രമിച്ച സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

Wednesday 24 September 2025 1:15 PM IST

ആഗ്ര: വഴിയാത്രക്കാരിയായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അദ്ധ്യാപകൻ പിടിയിൽ. യു.പിയിലെ ആഗ്രയിലാണ് സംഭവം. ശ്യാംവീർ സിംഗ് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മഥുരയിലെ ബൽദേവിലുള്ള സ്കൂൾ അദ്ധ്യാപകനാണ് ശ്യാംവീർ. കാറിൽ സഞ്ചരിച്ചിരുന്ന ഇയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 22കാരിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു.

കാറിൽ കയറിയാൽ 5,000 രൂപ നൽകാമെന്ന് പറഞ്ഞു. അവഗണിച്ചപ്പോൾ ഇയാൾ യുവതിയെ കാറിലേക്ക് ബലമായി വലിച്ചിടാൻ ശ്രമിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി സമയോചിതമായി ഇടപെട്ട് ഇയാളുടെ കാറിന്റെ താക്കോൽ കൈക്കലാക്കി. ഇതോടെ സംഭവസ്ഥലത്തുനിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്യാംവീർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളുടെ ലൈസൻസുള്ള പിസ്റ്റളും കാറും പിടിച്ചെടുത്തു. പ്രതിയുടെ തോക്കിന്റെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.