അഞ്ചുകോടിയുടെ ഫെറാറി മുതൽ മെഴ്സിഡസ് വരെ, ദുൽഖർ സൽമാന്റെ കാർ ശേഖരം കാണാം
കൊച്ചി: ആഡംബര കാറുകളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ നുംഖോർ' പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നടൻ ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീട്ടിൽ റെയ്ഡ് നടന്നത്.
റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും കസ്റ്റംസും സംയുക്തമായി നടത്തുന്ന പരിശോധനയിൽ കേരളം പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30ലധികം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഈ പട്ടികയിൽ ദുൽഖർ സൽമാന്റെ പേരും ഉൾപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ സംശയനിഴലിലാണ്. നടന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കുമെന്നാണ് വിവരം
കാറുകളോടുള്ള ദുൽഖറിന്റെ കമ്പം പരസ്യമായ രഹസ്യമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്വകാര്യ കാർ ശേഖരങ്ങളിലൊന്ന് അദ്ദേഹത്തിനുണ്ട്. താരത്തിന്റെ ശേഖരത്തിലെ ചില പ്രധാന കാറുകൾ ഇവയാണ്
ഫെറാറി 296 ജിടിബി: ദുൽഖറിന്റെ ശേഖരത്തിലെ ആദ്യ ഹൈബ്രിഡ് ഫെറാറിയാണ് റോസോ റുബിനോ ഫെറാറി 296 ജിടിബി. ഏകദേശം 5.88 കോടി രൂപ മുതലാണ് ഇന്ത്യയിലെ വില ആരംഭിക്കുന്നത്.
പോർഷെ 911 ജിടി3 (991.2): ദുൽഖറിന് ഏറെ പ്രിയപ്പെട്ട കാറാണിത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഈ കാറിനെ കൂട്ടത്തിലെ ഏറ്റവും മികച്ചതും ഡ്രൈവിംഗിന് ഏറ്റവും അനുയോജ്യമായതുമായ വാഹനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പോർഷെയുടെ ജിടി ഡിവിഷനെ സ്പോർട്സ് കാറുകളുടെ ഹോഗ്‌വാർട്‌സ് എന്നും അവയുടെ മേധാവി ആൻഡ്രിയാസ് പ്രൂണിംഗറെ സ്പോർട്സ് കാർ ലോകത്തിലെ ഡംബിൾഡോർ എന്നും ദുൽഖർ വിശേഷിപ്പിച്ചിരുന്നു. 2.3 കോടി രൂപ മുതൽ 3 കോടി രൂപ വരെയാണ് കാറിന്റെ വില.
മെഴ്സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി: കഴിഞ്ഞ എട്ട് വർഷമായി ദുൽഖറിനൊപ്പമുള്ള ഐക്കണിക് ഗൾവിംഗ് എസ്എൽഎസ് എഎംജി കാറിനെ അദ്ദേഹം "ഭാവിയുടെ ക്ലാസിക്" എന്നാണ് വിശേഷിപ്പിച്ചത്. 2.54 കോടി രൂപ മുതലാണ് ഇതിന്റെ വില.
ബിഎംഡബ്ല്യു എം3 ഇ46: കാർ പ്രേമികൾക്കിടയിൽ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച മോഡലായിട്ടാണ് മാനുവൽ ബിഎംഡബ്ല്യു എം3 ഇ46 കണക്കാക്കപ്പെടുന്നത്. തന്റെ ശേഖരത്തിലെ "അമൂല്യ രത്നം" എന്നാണ് ദുൽഖർ ഇതിനെ വിശേഷിപ്പിക്കുന്നത്.
കൂടാതെ പോർഷെ പനമേര, മെഴ്സിഡസ്-മെയ്ബാക്ക് ജിഎൽഎസ് 600, മെഴ്സിഡസ്-ബെൻസ് എസ്-ക്ലാസ്, മെഴ്സിഡസ്-എഎംജി ജി63, ലാൻഡ് റോവർ റേഞ്ച് റോവർ, ഫോക്സ്‌വാഗൺ പോളോ ജിTI, മിനി കൂപ്പർ എസ്, മസ്ഡ എംഎക്സ്-5 തുടങ്ങിയ നിരവധി ആഡംബര കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.