'സത്യസന്ധമായിട്ടൊരു കാര്യം പറയാം, മരുമക്കൾ എന്ന് പറയുന്നത് എന്നും മരുമക്കളാണ്, മക്കളല്ല'
ഏതൊരു മരുമകളും ആഗ്രഹിക്കുന്ന അമ്മായിയമ്മയാണ് താനെന്ന് മുമ്പ് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മരുമക്കൾ എന്ന് പറയുന്നത് എന്നും മരുമക്കളാണ് ഒരിക്കലും മക്കളാകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മല്ലിക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'സത്യസന്ധമായിട്ടൊരു കാര്യം പറയാം. മരുമക്കൾ എന്ന് പറയുന്നത് അവർ എന്നും മരുമക്കളാണ്, മക്കളല്ല. നമുക്ക് മക്കളോട് പറയാം. പക്ഷേ അതേ ടോണിൽ മരുമക്കളോട് പറഞ്ഞാൽ അമ്മായിയമ്മ കളിക്കുകയാണെന്ന് തോന്നും. ഇന്നത്തെ കാലത്ത് അമ്മായിയമ്മ എന്ന് പറയുന്നത് ഭയങ്കര ഭീകര ജന്തുവാണെന്നാണ് നമ്മുടെ സമൂഹത്തിൽ പറഞ്ഞുവച്ചിരിക്കുന്നത്. അതിനൊരു അപവാദമായി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
എന്തിനാ അമ്മേ ഈ ദുരഭിമാനം ഇവിടെ വന്നുനിന്നുകൂടേയെന്ന് പിള്ളേരൊക്കെ പറയും. അഞ്ച് മിനിട്ട് മതിയല്ലോ എന്റെ ഫ്ളാറ്റിലെത്താനെന്നും, അമ്മയുടെ കൂടെ പഴയ ജോലിക്കാരെല്ലാമുണ്ടെന്നും മക്കളോട് പറയും.
വേറൊന്നുംകൊണ്ടല്ല, അവർക്ക് അവരുടേതായ ലൈഫ്‌സ്റ്റൈലുണ്ട്. അവർക്ക് പുറത്തുപോയി ഭക്ഷണം കഴിക്കണമെന്ന് തോന്നും. ഞാൻ നേരെ തിരിച്ചാണ്. കഴിയുന്നതും വീട്ടിൽ വല്ലതും ഉണ്ടാക്കി കഴിക്കുന്നയാളാണ്. അങ്ങനത്തെ ഒരുപാടുകാര്യങ്ങൾ ന്യൂജനറേഷന് ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകും. ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും അവന്റെ കൂടെ പുറത്തുപോകാനായിരിക്കും ആഗ്രഹം. അമ്മൂമ്മയില്ലെങ്കിൽ അച്ഛൻ കൊണ്ടുപോയേനെ എന്ന് കുഞ്ഞുങ്ങൾക്ക് തോന്നത്തില്ലേ. അവരുടെ സ്വാതന്ത്ര്യത്തിലേക്ക് ഇടപെടുന്നത് എനിക്ക് ഇഷ്ടമില്ല. പെൺകുട്ടികൾക്ക് അവരുടെ അമ്മമാരോട് ഫ്രീഡം കൂടുതലാണ്. എനിക്കൊരു പനി വന്നാൽപ്പോലും മക്കൾക്ക് രണ്ടുപേർക്കും ടെൻഷനാണ്. '- മല്ലിക സുകുമാരൻ പറഞ്ഞു.