മുടി ഒതുക്കിവച്ച ശേഷം കവിളിൽ ചുംബിച്ചു,​ വൈറലായി റാണിയുടെയും ഷാരൂഖിന്റെയും വീഡിയോ

Wednesday 24 September 2025 4:31 PM IST

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാ‌‌ർഡ് വേദിയിൽ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം ഷാരൂഖ് ഖാനും റാണി മുഖർജിയും സൗഹൃദം പങ്കിടുന്നതിന്റെ രസകരമായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാൻ റാണി മുഖർജിയുടെ മുടി ഒതുക്കിയ ശേഷം കവിളിൽ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. 'ഫ്രണ്ട്സ് ഫോറെവർ" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

അതേസമയം, ഷാരൂഖ് ഖാന്റെ പ്രിയ പത്നി ഗൗരി ഖാൻ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. "എന്തൊരു യാത്രയാണിത് ഷാരൂഖ്... ദേശീയ പുരസ്‌കാരം നേടിയതിൽ അഭിനന്ദനങ്ങൾ!!! ഇതിന് നിങ്ങൾ അർഹനാണ്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണിത്. ഈ അവാർഡ് വയ്ക്കാൻ പ്രത്യേകം ഒരു മ്യൂസിയം ഒരുക്കാൻ പോകുകയാണ്," ഗൗരി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഷാരൂഖിനെയും റാണിയെയും അഭിനന്ദിച്ചുകൊണ്ട് ഗൗരി വീണ്ടും പോസ്റ്റ് ചെയ്തു. "എന്റെ പ്രിയപ്പെട്ട മൂന്ന് പേരുടെ ബിഗ് ഡേയാണ്. ദേശീയ പുരസ്‌കാരം ലഭിക്കുക വലിയ ബഹുമതിയാണ്!!! നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് ഇന്ന്. ഇനിയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുക," ഗൗരി കുറിച്ചു.

'ജവാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷാരൂഖ് ഖാനും 'ട്വൽത്ത് ഫെയിൽ' എന്ന സിനിമയിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടെടുത്തു. മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി. കുച്ച് കുച്ച് ഹോതാ ഹേ', 'കഭി അൽവിദാ നാ കെഹ്‌നാ', 'വീർ-സാറ' തുടങ്ങിയ നിരവധി സിനിമകളിൽ ഷാരൂഖ് ഖാനും റാണി മുഖർജിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.