രാഷ്‌ട്രപതി ശ്രദ്ധിച്ചത് മോഹൻലാലിന്റെ രണ്ട് പെർഫോമൻസുകൾ; ഫാൽക്കെ കിട്ടാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ആരാധകൻ
കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് രാഷ്ട്രപതി ദ്രൗപദി മുർമു ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നൽകിയത്. രാഷ്‌ട്രപതി കംപ്ലീറ്റ് ആക്‌ടറെന്ന് പ്രശംസിക്കുകയും ചെയ്‌തു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ വച്ച് മോഹൻലാൽ അഭിനയിച്ച കർണ്ണഭാരവും വാനപ്രസ്ഥവും രാഷ്ട്രപതി എടുത്തുപറഞ്ഞിരുന്നു.
അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോയ മോഹൻലാൽ ഇന്ന് ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു. 'എല്ലാം വളരെ നന്നായിരുന്നു. ഒരു ആർട്ടിസ്റ്റിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു. ആ ഭാഗ്യത്തെ ഞാൻ എല്ലാവർക്കും ഷെയർ ചെയ്യുന്നു.'- അദ്ദേഹം പറഞ്ഞു.
അമ്മയെ കാണാനാണ് താൻ നേരെ പോകുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. എന്തുകൊണ്ടായിരിക്കാം രാഷ്‌ട്രപതി കർണ്ണഭാരത്തെയും വാനപ്രസ്ഥത്തെയും കുറിച്ച് സംസാരിച്ചതെന്നതിനെക്കുറിച്ചും മോഹൻലാൽ പ്രതികരിച്ചു. 'രണ്ടും ക്ലാസിക്കൽ ആർട്സല്ലേ. ഒന്ന് സംസ്‌കൃത നാടകമാണ്. മറ്റേത് കഥകളി, ത്രീ ഡയമൺഷണൽ ആർട്ടല്ലേ. അത് സാധാരണ സിനിമയിൽ ഒരുപാടുപേർ അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടായിരിക്കാം എടുത്തുപറഞ്ഞത്.'- അദ്ദേഹം പറഞ്ഞു.
അതേസമയം, എന്തുകൊണ്ടാണ് മോഹൻലാലിന് ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതെന്ന ചോദ്യത്തിന് ഒരു ആരാധകൻ മറുപടി നൽകുന്നുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ ഒരു പ്രൊഫഷണൽ സിംഗർ അല്ല, പക്ഷേ ക്ലാസിക്കൽ സോംഗ് പഠിച്ചൊരാളെപ്പോലെ അദ്ദേഹം അഭിനയിക്കുന്നു. "ചിത്രം" എന്ന സിനിമയിലെ ഗാനം തന്നെ അതിനുദാഹരണം.
മോഹൻലാൽ ഡാൻസ് പഠിച്ചിട്ടില്ല. പക്ഷേ കമലദളത്തിൽ ഡാൻസ് ടീച്ചറായി അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. സംസ്‌കൃതം നന്നായി കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിലും 90 മിനിട്ട് ദൈർഘ്യമുള്ള കർണ്ണഭാരത്തിൽ അസാദ്ധ്യപ്രകടനമാണ് കാഴ്ചവച്ചത്. മനഃശാസ്ത്രം പഠിച്ചിട്ടില്ല, പക്ഷേ പവിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ട് സൈകാട്രിസ്റ്റായ സ്വരാജ് മണി അഭിനന്ദിച്ചിരുന്നു. മാനസിക പ്രശ്നങ്ങളുള്ള തന്റെ പല രോഗികളും ചെയ്യുന്നതുപോലെയായിരുന്നു ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഥകളി പഠിക്കാത്ത മോഹൻലാൽ വെറും ഒരുമാസത്തെ ട്രെയിനിംഗ് കൊണ്ടാണ് വാനപ്രസ്ഥത്തിലെ കഥകളി ആർട്ടിസ്റ്റായി പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങിയത്. ഇങ്ങനെ പോകുന്നു ആ ആരാധകന്റെ അഭിപ്രായം.