ചാമ്പ്യൻസ് ബോട്ട് ലീഗ് 27 ന് താഴത്തങ്ങാടിയിൽ

Thursday 25 September 2025 12:14 AM IST

കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് വെസ്റ്റ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 27 ന് ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി ആറ്റിൽ നടക്കും. നെഹൃട്രോഫിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങൾ നേടിയ ചുണ്ടനുകളും മറ്റു ചെറുവള്ളങ്ങളും പങ്കെടുക്കും. മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാനുള സ്റ്റിൽസ്റ്റാർട്ട്, ഫോട്ടോഫിനിഷ് സംവിധാനം ക്രമീകരിക്കും. ഉച്ചകഴിഞ്ഞ് 2 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, മുൻ എം.പി സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ പ്രസംഗിക്കും. 2.45 ന് ചുണ്ടൻ വളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും, തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും. 4 ന് ചെറുവളളങ്ങളുടേയും, ചുണ്ടൻ വള്ളങ്ങളുടേയും ഫൈനൽ. 5 ന് കളക്‌ടർ ചേതൻകുമാർ മീണ സമ്മാനദാനം നിർവഹിക്കും. നാളെ വൈകിട്ട് 3.30 ന് സാംസ്‌കാരിക വിളംബര ഘോഷയാത കളക്‌ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഒഫ് ചെയ്യും . ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് സമാപന സന്ദേശം നൽകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. രാത്രി 7 ന് വഞ്ചിപ്പാട്ട് മത്സരം. കെ.ജി. കുര്യച്ചൻ, സാജൻ പി.ജേക്കബ്, സുനിൽ ഏബ്രഹാം, ലിയോ മാത്യു പ്രൊഫ. കെ.സി.ജോർജ്, എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

പങ്കെടുക്കുന്ന വള്ളങ്ങൾ

വീയപുരം, നടുഭാഗം, മേലാടം, നിരണം, പായിപ്പാടൻ, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം ചുണ്ടൻ വള്ളങ്ങളും, ഗ്രേഡ് എ വെപ്പ് നെപ്പോളിയൻ, ഗ്രേഡ് എ വെപ്പ്ഷോട്ട് പുളിക്കത്തറ,ഗ്രേഡ് എ ഇരുട്ടുകുത്തി മൂന്നുതൈക്കൻ, ഗ്രേഡ് എ ഇരുട്ടുകുത്തി തുരുത്തിക്കര, ഗ്രേഡ് ബി ഇരുട്ടുകുത്തി കുറുപ്പപ്പറമ്പൻ ദാനിയേൽ, ശരവണൻ, ശ്രീമുത്തപ്പൻ, സെന്റ് ജോസഫ്, ഗ്രേഡ് ബി വെപ്പ്, താനിയൻ, പുന്നത്തറപുരയ്ക്കൽ പി.ജി. കരിപ്പുഴ ചിറമേൽ തോട്ടുകടവൻ, ചുരുളൻ വേലങ്ങാടൻ കോടിമത, മൂഴി എന്നീ വള്ളങ്ങളും പങ്കെടുക്കും.