റിമയുടെ തിയേറ്റർ കാസാനിലേക്ക്
ദേശീയ പുരസ്കാര ജേതാവ് സജിൻ ബാബുവന്റെ സംവിധാനത്തിൽ റിമ കല്ലിംഗൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിലേക്ക് .ഈ സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ പുതിയ അധ്യായമാണ് കാസാനിലെ പ്രദർശനം.ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഒക്ടോബർ 8നും 9നും കാസാനിൽ ചിത്രം പ്രദർശിപ്പിക്കും. വ്യാപാര, സാംസ്കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫോറം, ഇന്ത്യൻ സിനിമയെക്കുറിച്ച് പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്നുണ്ട്. ഫോറത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കെടുക്കും. 'ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ സജിൻ ബാബു പ്രഭാഷണവും നടത്തും. സംവിധായകൻ ഡോ. ബിജു “ഇന്ത്യൻ സിനിമയും സംസ്കാരാതീതമായ കഥാവതരണങ്ങളും” എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
കാൻസ് ചലച്ചിത്രമേളയിൽ തിയേറ്ററിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്നാണ് നിർമ്മാണം. സഹനിർമ്മാണം സന്തോഷ് കോട്ടായി.
ഒക്ടോബർ 16 ന് തിയേറ്ററിൽ എത്തും.