മമ്മൂട്ടി- ഖാലിദ് റഹ്മാൻ ചിത്രത്തിൽ നസ്ളിൻ

Thursday 25 September 2025 6:33 AM IST

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിനും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടി നായകനായ മധുരരാജയിൽ ആൾക്കൂട്ടത്തിൽ ഒരാളായി പ്രത്യക്ഷപ്പെട്ടാണ് നസ്ളിൻ വെള്ളിത്തിരയിൽ എത്തുന്നത്. 'ഉണ്ട'യ്ക്കുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം മമ്മൂട്ടിയുടെ അടുത്ത വർഷത്തെ പ്രധാന പ്രോജക്ടുകളിലൊന്നാണ്. നസ്ളിൻ പ്രധാന വേഷത്തിൽ എത്തിയ ആലപ്പുഴ ജിംഖാന ആണ് ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാട്രിയറ്റ് എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണത്തിലേക്ക് ഒക്ടോബർ 3മുതൽ മമ്മൂട്ടി പ്രവേശിക്കും. ഒക്ടോബർ 1ന് ചെന്നൈയിൽ നിന്ന് മമ്മൂട്ടി ഹൈദരാബാദിലെ ലൊക്കേഷനിൽ എത്തിച്ചേരും. അറുപതു ദിവസത്തെ ചിത്രീകരണം മമ്മൂട്ടിക്ക് അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഹൈദരാബാദ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. ബോളിവുഡിലെ പ്രശസ്തനായ മനുഷ് നന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ഇതാദ്യമായാണ് മഹേഷ് നാരായണന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്.