വികസനമില്ലാതെ പാറശാല റെയിൽവേ സ്റ്റേഷൻ
പാറശാല: കേരളത്തിന്റെ തെക്കേ അറ്റത്തുള്ള സ്റ്റേഷൻ എന്നതിന് പുറമെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്ക് ഒരുപോലെ പ്രയോജനമാകുംവിധം അതിർത്തിക്ക് സമീപത്തായിട്ടാണ് പാറശാല റെയിൽവേ സ്റ്റേഷനുള്ളത്. പാറശാല സ്റ്റേഷനുവേണ്ടി 90 ഏക്കറോളം ഭൂമിയും കണ്ടെത്തിയിരുന്നു. എന്നാൽ വികസനത്തിനായുള്ള പദ്ധതിയുടെ സ്‌കീമിൽ ഒരെണ്ണംപോലും പാറശാലയിൽ നടപ്പിലാക്കിയിട്ടില്ല. ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ഗുഡ്‌സ് യാർഡ് നിർമ്മാണം, മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന്റെ ഭാഗമായും മറ്റും വേണ്ടത്ര ക്രോസിംഗ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ റെയിൽവേ ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങിയ പിന്നീടുണ്ടായ വാഗ്ദാനങ്ങളും ജലരേഖകളായി.
ഇരുസംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന പാറശാല സ്റ്റേഷനിലെത്തി യാത്ര ചെയ്യുന്നത്. യാത്രക്കാർ നിരവധിയായതുകൊണ്ട് തന്നെ വരുമാനത്തിലും മുന്നിലാണ് പാറശാല സ്റ്റേഷൻ. എന്നാൽ ഗുരുവായൂർ - ചെന്നൈ ഉൾപ്പെടെ നിറയെ യാത്രക്കാരുള്ള പല ട്രെയിനുകൾക്കും പാറശ്ശാലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
വികസനത്തിനായി പദ്ധതിയില്ലെന്ന്
കേരളത്തിലങ്ങോളമിങ്ങോളമായി നടന്നുവരുന്ന റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ തയാറാക്കിയ വിവിധ പദ്ധതികളിലൂടെ 3500 കോടിയിൽപരം രൂപയുടെ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണെങ്കിലും പാറശാല റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി പദ്ധതിയില്ലെന്നാണ് അധികൃതർ പറയുന്നത്.
വെളിച്ചവും പരിമിതം
സ്റ്റേഷൻ ആരംഭിച്ച നാൾ മുതലുള്ള പരുക്കൻ പ്ലാറ്റ്‌ഫോമുകളാണ് ഇന്നുമുള്ളത്. മേൽക്കൂര ഒന്നാം പ്ലാറ്റഫോമിൽ മാത്രമേയുള്ളൂ. രണ്ടാം പ്ലാറ്റ്‌ഫോമിലെത്തി യാത്രചെയ്യുന്നവർക്ക് മഴയും വെയിലും കൊള്ളുക മാത്രമേ വഴിയുള്ളൂ.
സ്റ്റേഷനിൽ അത്യാവശ്യത്തിന് മാത്രം വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ സന്ധ്യകഴിഞ്ഞാൽ യാത്രക്കാർക്ക് തപ്പിതടയേണ്ടിവരുന്നു. കുടിവെള്ള ലഭ്യതയും കുറവാണ്.
തെരുവുനായ്ക്കളും
പ്രദേശത്തെ തെരുവ് നായ്ക്കൾ കാരണം യാത്രക്കാർക്ക് മനസമാധാനത്തോടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷനിലേക്കുള്ള റോഡ് ഇടുങ്ങിയതായതിനാൽ ഒരു വാഹനത്തിന് മാത്രമേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. റോഡ് തകർന്ന നിലയിലായത് കാരണം അപകടങ്ങളും പതിവാണ്.
തിരുവനന്തപുരം-കന്യാകുമാരി പാതയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ പാറശാല സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ച് സ്റ്റേഷൻ യാത്രക്കാർക്ക് ഉപകാരപ്രദമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.