മനുഷ്യ - വന്യജീവി സംഘർഷം.... പരിഹാരം ഇനി പരാതിപ്പെട്ടിയിലൂടെ

Thursday 25 September 2025 12:08 AM IST

കോട്ടയം : മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള സർക്കാർ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നാലുപഞ്ചായത്തുകളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. 45 ദിവസത്തെ പരിപാടിയാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. കോരുത്തോട്, എരുമേലി, മണിമല, മുണ്ടക്കയം എന്നിവിടങ്ങളിലാണ് പരാതിപ്പെട്ടികൾ. റേഞ്ച് ഓഫീസുകളിലും പരാതിപ്പെട്ടികളുണ്ട്. ഹെൽപ് ഡെസ്‌ക്കിൽ പരാതിക്കാരെ സഹായിക്കാൻ ഫെസിലിലേറ്ററുടെ സേവനമുണ്ട്.

ആദ്യഘട്ടത്തിൽ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് പരാതിപ്പെട്ടികൾ തുറന്ന് തരംതിരിച്ച് ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുക്കും. പ്രതിദിന റിപ്പോർട്ട് ഗൂഗിൾഫോമിൽ തയ്യാറാക്കും. പരാതിയിൽ സ്വീകരിച്ച നടപടികളും കാലതാമസം വന്നാൽ കാരണവും പരാതിക്കാരെ അറിയിക്കും. പഞ്ചായത്ത് തലത്തിൽ അവലോകന യോഗങ്ങളും ജാഗ്രത സമിതികളും ചേരും. പ്രാദേശികമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളെ ജില്ലാതലത്തിൽ അവതരിപ്പിച്ച് പരിഹരിക്കും. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും നടപടികൾ. എം.എൽ.എമാരും പങ്കാളികളാവും. മൂന്നാംഘട്ടത്തിൽ സംസ്ഥാനതലത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ പരിഗണിക്കും. മന്ത്രിമാരും വകുപ്പുമേധാവികളും പങ്കാളികളാവും. ഇവിടെയും പരിഹരിക്കാനാവാത്തവ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

10 പരാതികൾ തീർപ്പാക്കി

ജില്ലയിൽ ലഭിച്ച 45 പരാതികളിൽ 10 എണ്ണം തീർപ്പാക്കി. ഹൈറേഞ്ച് സർക്കിളിൽ ഇടുക്കിയിൽ 212 പരാതികളും എറണാകുളത്ത് 69 പരാതികളുമാണ് ലഭിച്ചത്. ഇടുക്കിയിലെ 27 എണ്ണത്തിന് പരിഹാരമായി. ഹൈറേഞ്ച് സർക്കിളിലെ 32 പഞ്ചായത്തുകളിൽ വനംവകുപ്പിന്റെ പഞ്ചായത്ത് തല യോഗങ്ങളും സംഘടിപ്പിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായ മുഴുവൻ പഞ്ചായത്തുകളിലെയും യോഗവും പൂർത്തിയായെന്ന് കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

നിർദ്ദേശങ്ങൾ ഇവ, നടപ്പാകുമോ പുതുഗൺ ലൈസൻസ് കിട്ടാനുള്ള നടപടി ക്രമം സങ്കീർണമാണ്. വിമുക്തഭടൻമാരുടെ സേവനം ലഭ്യമാക്കണം. ദ്രുതകർമ്മ സേനയ്ക്ക് കാട്ടുപന്നികളെ കൊല്ലാൻ പറ്റുന്ന തോക്കുകൾ ലഭ്യമാക്കണം. കുരങ്ങ് ശല്യം രൂക്ഷമായതിനാൽ, ഇവയെ പിടികൂടി ഉൾവനങ്ങളിൽ തുറന്നുവിടണം. പ്രജനനം നിയന്ത്രിക്കാൻ വന്ധീകരിക്കണം.

ആദ്യഘട്ടം ആരംഭിച്ചു. രണ്ടാംഘട്ടം ഒക്ടോബർ ഒന്നിനും, മൂന്നാംഘട്ടം ഒക്ടോബർ 16 നും ആരംഭിക്കും. ഹെൽപ് ഡെസ്‌ക്കുകൾ മുഖേനയാണ് പരാതികൾ സ്വീകരിക്കുന്നത്.

(ക്യാമ്പെയിൻ കോ-ഓർഡിനേറ്റർ)