കൈനകരിയുടെ ഉറക്കം കെടുത്തി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

Thursday 25 September 2025 2:11 AM IST

കുട്ടനാട് : രാത്രികാലത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം കൈനകരിയിൽ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം രാത്രി ചാവറഭവൻ റോഡിന്റെ ഒരു വശത്തായി പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശത്തെയും പിൻവശത്തേയും ഗ്ലാസുകൾ അടിച്ചു തകർത്തശേഷം അക്രമികൾ രക്ഷപ്പെട്ടു. കൈനകരി ചെറുകായൽ ജിതിൻ ഷാജിയുടെ ഉടമസ്ഥതയിലുള്ള കാറാണ് തകർക്കപ്പെട്ടത്.

നെഹ്രുട്രോഫി ജലമേളയ്ക്ക് ശേഷം വിവിധ ദിവസങ്ങളിൽ രാത്രിയിലായി നിരവധി അക്രമസംഭവങ്ങളാണ് കൈനകരിയിൽ ഉണ്ടായത്. പലരുടേയും വീട് കയറി ആക്രമിക്കുന്ന സ്ഥിതി പോലുമുണ്ടായി. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന സംഭവങ്ങൾ പ്രദേശത്ത് ആവർത്തിക്കുമ്പോഴും പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രികാലങ്ങളിൽ പേരിന് പോലും പട്രോളിംഗ് നടത്താറില്ല. എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി ഉപയോഗിക്കുന്ന സംഘങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

രാത്രിയിൽ പ്രദേശത്ത് പൊലീസ്, എക്സൈസ് അധികൃതർ പട്രോളിംഗ് നടത്തുവാനും പ്രതികളെ പിടികൂടുവാനും തയ്യാറായാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയുള്ളൂ. ടൂറിസം രംഗത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണ്

- ബി.കെ.വിനോദ്, മുൻ ഗ്രാമ പഞ്ചായത്തംഗം