ചാമപ്പായസ രുചിയറിഞ്ഞ് വിദ്യാർത്ഥികൾ

Wednesday 24 September 2025 8:27 PM IST

പയ്യാവൂർ: ചെറുധാന്യമായ ചാമ കൊണ്ട് തയ്യാറാക്കിയ രുചികരമായ പായസം രുചിച്ച് ചാമക്കാൽ ഗവ.എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ. പഴയകാലത്ത് പുനം കൃഷിയുടെ ഭാഗമായി ചാമ, മുത്താറി, ചോളം, തിന തുടങ്ങിയവ ധാരാളം കൃഷി ചെയ്തതിന്റെ ഓർമ്മ സൂക്ഷിക്കുന്ന സ്ഥലനാമം പരിചയപ്പെടുത്തുന്ന ചരിത്രസഞ്ചാരമായി ഈ പരിപാടി. ചാമക്കാലിന് സമീപം തന്നെയുള്ള മുത്താറിക്കളത്തിന്റെ സ്ഥലനാമ ചരിത്രം മനസിലാക്കുന്നതിനായി മുത്താറിക്കുറുക്ക് കഴിഞ്ഞ ദിവസം സ്കൂളിലെ വിദ്യാർത്ഥികൾക്ക് തയ്യാറാക്കി നൽകിയിരുന്നു. സ്‌കൂൾ മുഖ്യാദ്ധ്യാപകൻ ഇ.പി.ജയപ്രകാശിനൊപ്പം, അദ്ധ്യാപകരായ ജോസ്മി ജോസ്, ടി.വി.ദീപ, പി.ശിൽപ, എം.ടി.മധുസൂദനൻ, ടി.സ്വപ്ന, മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ ദിനേശ്, പാചക തൊഴിലാളികളായ സോണിയ തോമസ്, അമിത ബാബു എന്നിവരാണ് ഉച്ചഭക്ഷണ പദ്ധതിയിലെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.