കണ്ണൂർ വിമാനത്താവള റൺവേ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം; ഒൻപത് വർഷമായി നഷ്ടപരിഹാരം കാത്ത് 210 കുടുംബങ്ങൾ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ നാലാംഘട്ട വികസനത്തിനായി ഏറ്റെടുത്തതായി വിജ്ഞാപനമിറക്കിയ ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം കിട്ടാതെ പെരുവഴിയിലായി 210 കുടുംബങ്ങൾ.വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററാക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതായുള്ള വിജ്ഞാപനമിറക്കി ഒൻപത് വർഷം കഴിഞ്ഞിട്ടും തുടർനടപടികൾ എങ്ങുമെത്താത്തതാണ് ഇവരെ ദുരിതത്തിലാഴ്ത്തിയത്.
മൂർഖൻപറമ്പ് കാനോട് പ്രദേശത്തുള്ള 249 ഏക്കർ ഭൂമിയാണ് റൺവേ വികസനത്തിനായി ഏറ്റെടുത്തത്. വിജ്ഞാപനം പുറപ്പെടുവിച്ചതല്ലാതെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വിജ്ഞാപനം നിലവിലുള്ളതിനാൽ തങ്ങളുടെ ഭൂമി ക്രയവിക്രയം നടത്താനോ മറ്റ് കാര്യങ്ങൾക്കോ സാധിക്കുന്നില്ല.നഷ്ടപരിഹാരവും നൽകാൻ തയ്യാറായിട്ടില്ല. വിജ്ഞാപനം വന്നതോടെ ഇവർക്ക് ഭൂമിയിൽ നിന്ന് ഇറങ്ങേണ്ടിയും വന്നു. ഇവരിൽ പലരും വർഷങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്. കൂട്ടത്തിൽ അസുഖബാധിതരും ജോലിയൊന്നും ചെയ്യാനാകാത്ത വാർദ്ധക്യദശയിലുള്ളവരും ഏറെയാണ്. മറ്റ് ആവശ്യങ്ങൾക്ക് നഷ്ടപരിഹാരത്തുക മുന്നിൽ കണ്ട് വായ്പ എടുത്തവരടക്കം ജപ്തിയുടെ വക്കിലാണ്. സ്വന്തമായി ഏക്കറുകണക്കിന് സ്ഥലമുണ്ടെങ്കിലും വിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇവരിൽ പലരും. കഷ്ടപ്പെട്ടുണ്ടാക്കിയ വീട് കാടു കയറി പോകുന്നത് കണ്ടു നിൽക്കാൻ മാത്രമെ ഇവർക്ക് കഴിയുന്നുള്ളു.
നഷ്ടപരിഹാരത്തിന് വേണം 942.63 കോടി
ഇത്രയും ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം കൊടുക്കണമെങ്കിൽ 942.63 കോടി രൂപയാണ് വേണ്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥലമേറ്റെടുക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ടടിപ്പിക്കുന്നത്. കണ്ണൂരിനെ ഹബ് എയർപോർട്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റൺവേ വികസനം നിശ്ചയിച്ചത്. ഇതിലൂട രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാറുമായിരുന്നു.
ജോലി വാഗ്ദാനവും നടപ്പായില്ല
മൂന്നാം ഘട്ട സ്ഥലമേറ്റെടുപ്പിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിൽ ഒരാൾക്ക് വിമാനത്താവളത്തിൽ ജോലി നൽകുമെന്ന വാഗ്ദാനമുണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. മൂന്നാംഘട്ടത്തിൽ സ്ഥലം വിട്ടുനൽകിയവരെ പുനരധിവസിപ്പിച്ച സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയും നിലനിൽക്കുന്നു. പുനരധിവസിപ്പിച്ച സ്ഥലത്തേക്ക് മൂന്ന് മീറ്റർ റോഡ് നിർമ്മിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. വിമാനത്താവളത്തിന്റെ റൺവേയുടെ അറ്റത്ത് സിഗ്നൽ ലൈറ്റിംഗ് സംവിധാനം സ്ഥാപിക്കുന്നതിനാണ് മൂന്നാംഘട്ടത്തിൽ സ്ഥലമെടുത്തത്. എന്നാൽ ഇതിന്റെ പ്രവൃത്തി കിയാൽ ഇതുവരെ തുടങ്ങിയിട്ടില്ല. കീഴല്ലൂർ വില്ലേജിലെ കൊതേരി ദേശത്തുള്ള 60 കുടുംബങ്ങളാണ് മൂന്നാംഘട്ടത്തിൽ ഭൂമി വിട്ടുനൽകിയത്.
കുടുംബത്തിൽ രോഗബാധിതരുണ്ട്. മുന്നോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. നഷ്ടപരിഹാരത്തിനായി നിരവധി തവണ എം.എൽ.എയേയും മുഖ്യമന്ത്രിയെയും കണ്ടിരുന്നു. എന്നാൽ പരിഹാരമൊന്നും ആയിട്ടില്ല. -ലേഖ (നാലാംഘട്ട ഭൂമി ഏറ്റെടുപ്പിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബാംഗം)