ചാന്നാങ്കര എം.പി. കുഞ്ഞിന് യാത്രാമൊഴി, സ്നേഹധനനായ സഹോദരൻ
ഇന്നലെ ഉറക്കമുണർന്നത് ചാന്നാങ്കര എം.പി. കുഞ്ഞു സാഹിബിന്റെ മരണവാർത്ത കേട്ടാണ്. ഈ സാംസ്കാരിക പ്രവർത്തകൻ തലസ്ഥാന നഗരിയിലെ അമ്പതുവർഷം പിന്നിട്ട 'കേരള സഹൃദയവേദി" എന്ന സംഘടനയുടെ അദ്ധ്യക്ഷനും അതിന്റെ ആദ്യവസാനക്കാരനുമായിരുന്നു. ആരെയും അംഗീകരിക്കില്ല എന്ന മലയാളി മനസിനു നേരെ നിരന്തരം ചോദ്യങ്ങളുന്നയിച്ചു, അദ്ദേഹം. ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്ന കൊച്ചു കുട്ടികൾ മുതൽ ഐ.എ.എസ് തുടങ്ങിയ ഉന്നത പരീക്ഷകളിൽ വിജയിക്കുന്നവരെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ അതികായന്മാർ വരെയുള്ളവരെയും അവരുടെ നേട്ടങ്ങളിൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു, ചാന്നാങ്കര എം.പി. കുഞ്ഞ്.
തലസ്ഥാന നഗരത്തിന്റെ പ്രാന്തപ്രദേശമായ കണിയാപുരത്തിനു പടിഞ്ഞാറ് ചാന്നാങ്കരയിലാണ് എഴുപത്തിയെട്ടു വർഷം മുമ്പ് ചാന്നാങ്കര നവാസ് മൻസിലിൽ ഒ. മുഹമ്മദ് കണ്ണിന്റെയും അസ്മ ബിബിയുടെയും പുത്രനായി, പിൽക്കാലത്ത് ചാന്നാങ്കര എം.പി. കുഞ്ഞ് എന്ന പേരിൽ പ്രശസ്തനായ പൂക്കുഞ്ഞ് ജനിക്കുന്നത്. മാർ ഇവാനിയോസ് കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി പൂർത്തിയാക്കിയ ശേഷം സെൻട്രൽ പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കാതെ തൊഴിൽ തേടി ബംഗളൂരുവിലേക്കു പോയി. ഒപ്പം സിനിമാ മാസികയുടെയും 'കേരളകൗമുദി"യുടെയും പാർട്ട് ടൈം ലേഖകനായും പ്രവർത്തിച്ചു.ബംഗളൂരുവിൽ ചുവടുറപ്പിക്കുന്നതിനു മുമ്പേ നാടകരംഗത്ത് പ്രവർത്തിക്കാനായി അദ്ദേഹം നാട്ടിലേക്ക് വണ്ടി കയറി. ബംഗളൂരു ജീവിതത്തിനിടെ എം.പി. കുഞ്ഞ് പരിചയപ്പെട്ടവരിൽ ഒരാളായിരുന്നത്രേ, പിന്നീട് നിത്യഹരിത സൂപ്പർസ്റ്റാർ ആയി മാറിയ രജനീകാന്ത്!
രചനയും അഭിനയവുമൊക്കെയായി വേദികളിൽ നിന്ന് വേദികൾ കയറിയിറങ്ങിയ എം.പി. കുഞ്ഞ് സാമൂഹിക പ്രവർത്തനവും ജീവിതചര്യയാക്കി. ത്യാഗം, നിഷ്ഠ തുടങ്ങിയ നാടകങ്ങളും അദ്ദേഹം അക്കാലത്ത് രചിച്ചതാണ്. സി.എച്ച്. മുഹമ്മദ് കോയ, വർക്കല രാധാകൃഷ്ണൻ എന്നിവർ കുഞ്ഞിന്റെ സേവനതൃഷ്ണയെ പരിപോഷീപ്പിച്ചവരാണ്. അമ്പതുവർഷം മുമ്പ് 'കേരള സൗഹൃദയവേദി" ജന്മമെടുക്കുന്നത് അങ്ങനെയാണ്. കേരളത്തിന്റെയും തലസ്ഥാനത്തിന്റെയും വികസനവുമായി ബന്ധപ്പെട്ട് ധാരാളം സെമിനാറുകളും സിമ്പോസിയങ്ങളും സംഘടന നടത്തി. എയർപോർട്ട് വികസനത്തിന് പ്രക്ഷോഭങ്ങൾ നയിച്ചു. വിഴിഞ്ഞം പോർട്ടിന്റെ കാര്യത്തിലും ശുഷ്കാന്തി കാണിച്ചു. 'കേരളകൗമുദി" പത്രാധിപരായിരുന്ന എം.എസ്. മണി കലാകൗമുദിയിൽ എം.പി. കുഞ്ഞിനെക്കുറിച്ച് എഡിറ്റോറിയൽ എഴുതി എന്നുപറഞ്ഞാൽ കഴിഞ്ഞല്ലോ.
തിരുവനന്തപുരം മുസ്ളിം അസോസിയേഷൻ, സീതി സാഹിബ് മെമ്മോറിയൽ ട്രസ്റ്റ്, കണിയാപുരം മുസ്ളിം ജമാ അത്ത്, എം.ഇ.എസ് തുടങ്ങി നിരവധി സംഘാടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള എം.പി. കുഞ്ഞ് സാഹിബ് അവസാനകാലംവരെ കർമ്മോത്സുകനും പരിചയപ്പെടുന്ന എല്ലാവർക്കും അളവറ്റ സ്നേഹം നൽകുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. മുസ്ളിം ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന അദ്ദേഹം ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയിരുന്ന റിലീഫ് പ്രവർത്തനങ്ങൾ ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും ആശ്വാസമായിരുന്നു. ജീവിതാവസാനം വരെ 'കേരളകൗമുദി"യുമായി ആഴത്തിലുള്ള ആത്മബന്ധം സൂക്ഷിച്ചു.
(ലേഖകന്റെ ഫോൺ: 94463 08600)