മെഡിസെപ് പ്രീമിയം ഭാരമാകരുത്
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ജി.എസ്.ടി ഇളവുകളെ നവരാത്രിമധുരം എന്നാണ് വിശേഷിപ്പിച്ചത്. നാനൂറിലേറെ ഉത്‌പന്നങ്ങളുടെ നികുതിയിലെ മാറ്റങ്ങൾ ഇടത്തരക്കാർക്കും സാധാരണക്കാർക്കും വളരെയധികം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ജി.എസ്.ടിയിൽ വരുത്തിയ ഇളവുകൾ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കേന്ദ്രവും സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിട്ടി പ്രത്യേക സംഘം മിന്നൽ പരിശോധനകൾ നടത്തും. അത് ഫലമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. അതിനിടെ മെഡിസെപ് പ്രീമിയം വർദ്ധിപ്പിക്കണമെന്ന ഇൻഷ്വറൻസ് കമ്പനിയുടെ ആവശ്യം സർക്കാർ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മെഡിസെപ്പിന്റെ അടുത്തഘട്ട നടത്തിപ്പ് നിലവിലുള്ള കരാറുകാരായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് തന്നെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രീമിയം 750 രൂപയാകാമെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ഇപ്പോൾ അത് 500 രൂപയാണ്.
ഇപ്പോഴത്തെ കരാർ പ്രകാരം വർഷം മൂന്നുലക്ഷം രൂപയുടെ കവറേജോടെ മൂന്ന് വർഷത്തേക്കാണ് കാലാവധി. പുതിയ കരാർ രണ്ടുവർഷത്തേക്കായിരിക്കും; കവറേജ് അഞ്ചുലക്ഷം രൂപയും. കാൽമുട്ടും ഇടുപ്പെല്ലും മാറ്റിവയ്ക്കുന്ന ശസ്‌ത്രക്രിയകളും അടിസ്ഥാന പാക്കേജിലുണ്ടാകും. സ്വകാര്യ ആശുപത്രികളിൽ പ്രതിദിന മുറിവാടക 5000 രൂപ വരെയും സർക്കാർ ആശുപത്രികളിൽ പ്രതിദിനം 2000 രൂപ വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രീമിയം തുക വർദ്ധിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്. രണ്ടാം വർഷ പ്രീമിയത്തിൽ അഞ്ചു ശതമാനം വർദ്ധന വരുത്താൻ സമ്മതമാണെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാൽ, പാക്കേജിൽ അഞ്ചുശതമാനം വർദ്ധന വരുത്തുന്നതിനാൽ അതു ഗുണകരമാവില്ലെന്നാണ് കമ്പനിയുടെ വാദം.
ജി.എസ്.ടി പരിഷ്കാരം അനുസരിച്ച് ആരോഗ്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) ക്ളെയിം ചെയ്യാൻ കഴിയാത്തതിനാൽ പോളിസി ഉടമകൾക്ക് നികുതിയിളവിന്റെ ഗുണം ദീർഘകാലാടിസ്ഥാനത്തിൽ ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. കമ്പനികൾക്ക് ചെലവ് കൂടുമെന്നതിനാൽ ഭാവിയിൽ അടിസ്ഥാന പ്രീമിയം നിരക്കുകളിൽ മൂന്നു മുതൽ അഞ്ച് ശതമാനം വരെ വർദ്ധനയുണ്ടാകാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രീമിയം നിരക്ക് കൂടിയാൽപ്പോലും നിലവിലെ നിരക്കിൽ നിന്ന് കാര്യമായ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ 18 ശതമാനം നികുതി ഒഴിവായതിന്റെ പൂർണ ഗുണം ജനങ്ങളിൽ എത്തണമെന്നില്ല. ദൈനംദിന പ്രവർത്തനങ്ങൾക്കായി ഇൻഷ്വറൻസ് കമ്പനികൾ ഉപയോഗിക്കുന്ന ഉത്‌പന്നങ്ങൾക്കും സേവനങ്ങൾക്കും അടയ്ക്കുന്ന ജി.എസ്.ടി ക്ളെയിം ചെയ്യാനുള്ള സംവിധാനമാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. കമ്പനികൾക്ക് അടച്ച നികുതി ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ നിന്ന് തട്ടിക്കിഴിക്കാമായിരുന്നു. ബാക്കിയുള്ള നികുതി മാത്രം സർക്കാരിലേക്ക് അടച്ചാൽ മതി. എന്നാൽ, നികുതി പൂർണമായും ഒഴിവായതു വഴി കമ്പനികൾക്ക് ഇനി ഐ.ടി.സി ക്ളെയിം ചെയ്യാനാവില്ല.
ഗുണകരമാകുന്ന പല സർക്കാർ നടപടികളും സാങ്കേതികത്വത്തിന്റെ പേരിൽ ഫലം ചെയ്യാതെ പോകുന്നു. തിരക്കേറിയ ജീവിത സാഹചര്യത്തിൽ മിക്കവാറും കുടുംബങ്ങളും വ്യക്തികളും ഏതെങ്കിലുമൊരു ലൈഫ് ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നിരിക്കും. പല വീടുകളിലും ദമ്പതികൾ സർക്കാർ ജീവനക്കാരായിരിക്കും. പ്രീമിയം തുക തത്വദീക്ഷയില്ലാതെ വർദ്ധിപ്പിക്കുന്നത് അക്കൂട്ടരെ ശരിക്കും വലയ്ക്കും. സ്വന്തം ആരോഗ്യത്തിൽ ഏറ്റവുമധികം താത്‌പര്യവും കരുതലും വ്യക്തിക്കു തന്നെയാണ്. സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ ചേരുന്നവരുടെ ഇഷ്ടവും താത്‌പര്യവും കൂടി ഇക്കാര്യത്തിൽ പരിഗണിക്കണം. മെഡിസെപിൽ ചേരാനും ചേരാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും ജീവനക്കാർക്ക് വിടണം. ജി.എസ്.ടി ഇളവിന്റെ പേരിൽ പ്രീമിയം തുക ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് നല്ലതല്ല. ഇക്കാര്യത്തിൽ ജീവനക്കാരുടെ താത്‌പര്യത്തിന് ധനവകുപ്പ് മുൻഗണന നൽകണം. കമ്പനിയുമായുള്ള ചർച്ചകളിൽ അതു പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.