അപകടം വിതയ്ക്കുന്ന അകലത്തെ മാരൻ
പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും. മാധവിക്കുട്ടിയുടെ ഈ വാക്കുകൾ ഹൃദയംകൊണ്ട് കേട്ട്, മനസും ശരീരവും കൊണ്ട് സ്വജീവിതത്തിൽ പ്രാവർത്തിക്കമാക്കുന്നത് ആരെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് കവികളോ, കമിതാക്കളോ അല്ല. ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളിലൂടെ ഇരകളെ തിരയുന്ന കുറ്റവാളികളാണ്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഇവർ ഒടുവിൽ ജീവനുവരെ ഭീഷണിയാകും. ഇതിനൊക്കെ തുടക്കമാകുന്നത് വെറുമൊരു 'ഹായ് " എന്ന സന്ദേശമായിരിക്കും. എതിർവശത്തുള്ള ആളിന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞാൽ ആ വിഷയത്തിലുള്ള നീണ്ട സംഭാഷണങ്ങളിലൂടെ സൗഹൃദം ഊട്ടിയുറപ്പിക്കും. കുടുംബപ്രശ്നങ്ങളും ജോലിസമ്മർദ്ദവും ക്ഷമയോടെ കേട്ടിരുന്ന് സമാധാനിപ്പിക്കും. പതിയെ ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു തുടങ്ങും. മയക്കുമരുന്നും പണവും നൽകി ഇരയെ വരുതിയിലാക്കും. തന്ത്രപരമായി നേരിട്ടെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കും. പ്രണയത്തിന്റെ മറവിൽ ഡേറ്റിംഗ് ആപ്പിലൂടെ കുട്ടികളെ വരെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങൾ കേരളത്തിലും വ്യാപകമാകുന്നു. കാസർകോട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ അടക്കം പീഡിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പതിനെട്ടു വയസാണ് ഡേറ്റിംഗ് ആപ്പുകളുടെ പ്രായപരിധിയെങ്കിലും പ്രായപൂർത്തിയാകത്തവരും പ്രായം കൂട്ടി നൽകി ഉപയോഗിക്കുന്നു.
എന്നെ വിശ്വാസമില്ലേ?
പ്ലേ സ്റ്റോറിലൂടെ ഡൗൺലോഡ് ചെയ്യുന്ന ആപ്പിൽ പ്രായം, സ്ഥലം, പേര്, ഇഷ്ടവിനോദങ്ങൾ എന്നിവ നൽകി മെയിൽ ഐഡിയും ഫോൺനമ്പറും ഉപയോഗിച്ചാണ് അക്കൗണ്ട് നിർമ്മിക്കുന്നത്. സ്ഥലവിവരങ്ങളിലൂടെ സമീപപ്രദേശത്തെ ആളുകളെ കണ്ടെത്താം. 'ആറ്റിങ്ങലാണോ വീട്, ആറ്റിങ്ങൽ എച്ച്.ഡി.എഫ്.സിയിൽ ഉണ്ടായിരുന്ന ഭാസ്കരൻ നായരെ അറിയുമോ.." തുടങ്ങിയ സൗഹൃദ സംഭാഷണങ്ങളിലൂടെ ഇരയുടെ ശ്രദ്ധ പിടിച്ചുപറ്റും. സ്ത്രീകളെയാണ് ഇരയാക്കുന്നതെങ്കിൽ പതിയെ നഗ്ന വീഡിയോ കോളുകൾക്ക് നിർബന്ധിക്കും. മടിച്ചാൽ 'വിശ്വാസമില്ലേ... ഞാനല്ലേ..." എന്നാകും ചോദ്യം. പിന്നീട് ഇതുകാണിച്ച് ഭീഷണിപ്പെടുത്തും. മുഖമില്ലാതെയാണ് വീഡിയോ കോളിൽ എത്തുന്നതെങ്കിലും നിർമ്മിത ബുദ്ധിയുടെ വിശാല സാദ്ധ്യതകളുള്ള കാലത്ത് കുറ്റവാളികൾക്കൊരു മുഖം നിർമ്മിക്കാനാണോ പ്രയാസം. വിവാഹവാഗ്ദാനം നൽകി പണം ആവശ്യപ്പെടും. കൗമാരക്കാരായ ആൺകുട്ടികൾക്ക് ലഹരി വാഗ്ദാനം ചെയ്യും. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കും.
എക്സ്ക്ലൂസീവ് കണ്ടന്റും
പണം നൽകി മാത്രം ഉപയോഗിക്കാനാവുന്ന എക്സ്ക്ലൂസീവ് കണ്ടന്റുകളും ഡേറ്റിംഗ് ആപ്പുകളിലുണ്ട്. സ്ത്രീകളുടെ നഗ്നവീഡിയോകൾ കാണിച്ച് പണം തട്ടുന്നതാണ് ലക്ഷ്യം. ഒരു നിശ്ചിതതുക അടയ്ക്കുന്നവർക്ക് മാത്രമാകും ഈ വീഡിയോകൾ ലഭ്യമാകുന്നത്. ഹണി ട്രാപ്പിനായും ഇത്തരം വീഡിയോകൾ ഉപയോഗപ്പെടുത്തുന്നു. ഡീപ് ഫേക്കിന്റെ സഹായത്തോടെയും വീഡിയോകൾ നിർമ്മിക്കുന്നു. കഴിഞ്ഞമാസം ഡേറ്റിംഗ് ആപ്പിലൂടെ വെഞ്ഞാറമൂട് സ്വദേശിക്ക് പണവും സ്വർണവും നഷ്ടമായിരുന്നു. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ചാറ്റ് ചെയ്തുകൊണ്ടിരുന്ന നാല് യുവാക്കൾ ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഗ്രൈൻഡർ ഡെയിഞ്ചർ
ഗേ, ലെസ്ബിയൻ, ക്വിയർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന ഡേറ്റിംഗ് ആപ്പുകളും വ്യാപകമാണ്. കാസർകോട് പതിനേഴുകാരനെ പ്രതികൾ പരിചയപ്പെട്ടത് ഐഡന്റിറ്റി വെളിപ്പെടുത്താതെ ഉപയോഗിക്കാനാവുന്ന ഗ്രൈൻഡർ എന്ന അമേരിക്കൻ ഗേ ഡേറ്റിംഗ് ആപ്പിലൂടെയാണ്. മാർച്ചിൽ ഡൽഹി സ്വദേശിയായ ക്വിയർ വ്യക്തിക്ക് 80,000 രൂപയിലധികം നഷ്ടമായതും ഇതേ ആപ്പിലൂടെയാണ്. സമൂഹത്തിൽ എൽ.ജി.ബി.ടി.ക്യൂ സമൂഹം നേരിടുന്ന ഒറ്റപ്പെടലിനെയാണ് ഇവർ ഉപയോഗിക്കുന്നത്. അവർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കും. പിന്നണിയിൽ തട്ടിപ്പുകൾക്ക് പദ്ധതിയിടും.
ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് പ്രത്യേക നിയമമില്ല. അതിനാൽ ഉത്തരവാദിത്വം ആരുടെയെന്നതിന് വ്യക്തതയില്ലെന്നും സൈബർ വിദഗ്ദ്ധൻ അഡ്വ. റെജി വസന്ത് കേരള കൗമുദിയോട് പറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ആർ.ബി.ഐ, ടെലികോം സേവനങ്ങൾക്ക് ടി.ആർ.എ.ഐ എന്നതുപോലെ ഡേറ്റിംഗ് ആപ്പുകൾക്കായി ഒരു സ്ഥാപനമില്ല. അത് പൊതുവായ ഇന്റർനെറ്റ്, ഡേറ്റാ സംരക്ഷണ നിയമങ്ങളുടെ കീഴിലാണ് വരുന്നത്. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ നിയമപരിരക്ഷ ആവശ്യമാണ്.
പോസിറ്റീവുമുണ്ട്
കൊവിഡ്ക്കാലത്ത് വീടുകളിൽ പോസ്റ്റായി ഇരിക്കെയാണ് ഡേറ്റിംഗ് ആപ്പുകളുടെ ട്രെൻഡ് കേരളത്തിൽ പ്രചരിക്കുന്നത്. ബംബിൾ, ടിൻഡർ, ഹിഞ്ച് അടക്കമുള്ള വിദേശ ആപ്പുകളിലൂടെ മലയാളികൾ ഇണയെ ഓൺലൈനായി തിരയുന്ന ഡേറ്റിംഗ് സംസ്കാരത്തെക്കുറിച്ച് മനസിലാക്കി. എന്തും ഏതും പരീക്ഷിക്കാൻ ഇഷ്ടമുള്ള മലയാളി ഡേറ്റിംഗ് ആപ്പുകളിലും സജീവമായതിൽ അത്ഭുതമില്ല. അതേസമയം, ഡേറ്റിംഗ് ആപ്പുകളുടെ പോരായ്മകൾ മാത്രം വിവരിച്ചാൽ, നല്ലതിന് നേരെ മുഖം തിരിക്കുന്ന വൈബാവും സ്വയം ആവാഹിക്കുന്നത്. അണുകുടുബങ്ങളുടെ കാലത്ത്, ഓരോരുത്തരും അവനവനിലേയ്ക്ക് ഒതുങ്ങുന്ന വേളയിൽ, മനുഷ്യർക്ക് പുത്തൻ സൗഹൃദങ്ങൾ സ്ഥാപിക്കാൻ ഡേറ്റിംഗ് ആപ്പുകൾ സഹായിക്കും. ബംബിൾ ഉൾപ്പെടെയുള്ള ആപ്പുകളിൽ വിവാഹിതരായവരും കുറവല്ല.
ഒരു വലിയ ഘോഷയാത്ര മുന്നിലൂടെ കടന്നുപോകുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് ഉറക്കം തൂങ്ങാൻ സാധിക്കില്ലെന്ന് വി.ടി ഭട്ടതിരിപ്പാട് കണ്ണീരും കിനാവും എന്ന പുസ്തകത്തിലെഴുതി. അതുപോലെ സാങ്കേതിക വിദ്യയുടെ നവീനമായ സങ്കേതങ്ങൾ പൂർണമായി നിരാകരിക്കുന്നത് പിന്തിരിപ്പൻ ചിന്താഗതിയാണ്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണെങ്കിൽ ഡേറ്റിംഗ് ആപ്പുകൾ അപകടകാരികളാകില്ല. കുട്ടികളുടെ ആപ്പ് ഉപയോഗം തടയാൻ രക്ഷിതാക്കൾ ഫോണിൽ പാരന്റൽ കൺട്രോളർ ഫീച്ചർ നൽകണം. സ്വകാര്യവിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. സ്വന്തം കുഴി സ്വയം വെട്ടില്ലെന്ന ആത്മവിശ്വാസമുണ്ടാവണം. അകലെയുള്ള അജ്ഞാതനായ സുഹൃത്തിനെക്കാൾ കാര്യങ്ങൾ തുറന്നുപറയാൻ അടുത്തുള്ള സുഹൃത്തിന് മുൻഗണന നൽകുക. ഒപ്പം ഏതുകാര്യത്തിലും അവനവനിൽ സ്വന്തമായുള്ള വിശ്വാസം വളർത്തിയെടുക്കുക.