അയ്യപ്പ സംഗമങ്ങളുടെ രാഷ്ട്രീയം
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറൽ മാർക്സ് പറഞ്ഞെങ്കിൽ പുതിയ കാലത്തെ കമ്മ്യൂണിസ്റ്റുകൾക്ക് അതംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. മതം മനുഷ്യനെ നയിക്കുന്ന വെളിച്ചമാണെന്നാണ് അവരുടെ പുതിയ സിദ്ധാന്തം. മതവിശ്വാസികളുടേതാണ് ക്ഷേത്രങ്ങളും പള്ളികളും. എന്നാൽ, ക്ഷേത്രങ്ങൾ മതാതീതവും മതനിരപേക്ഷവുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സിദ്ധാന്തം. ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടിയത് ലക്ഷങ്ങൾ ദർശനത്തിനെത്തുന്ന ശബരിമല ക്ഷേത്രത്തെയാണ്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് മറ്റു ക്ഷേത്രങ്ങളേക്കാൾ പ്രത്യേകതകളുണ്ട്. പക്ഷെ, ശ്രീകോവിലിനുള്ളിലെ പൂജാദികർമ്മങ്ങൾക്ക് വലിയ വ്യത്യാസമുണ്ടോ എന്നു ചോദിച്ചാൽ അന്തിമ ഉത്തരം തന്ത്രിമാരുടേതും മേൽശാന്തിമാരുടേതുമാണ്. അവർ ഹൈന്ദവ വിശ്വാസപ്രമാണങ്ങളിൽ അധിഷ്ഠിതമായ കർമ്മങ്ങളാണ് ചെയ്യുന്നത്. അതവിടെ നിൽക്കട്ടെ.
ശബരിമല ദർശനത്തിന് വ്രതം അനുഷ്ഠിക്കുന്നതും മാലയിടുന്നതും കെട്ടുനിറച്ച് മല ചവിട്ടുന്നതും ഹിന്ദു ആചാരപ്രകാരമാണ്. അയ്യപ്പഭക്തരിൽ തൊണ്ണൂറ്റിയൊൻപത് ശതമാനവും ഹിന്ദുക്കളാണ്. സ്വാമിയേ ശരണമയ്യപ്പാ എന്ന് കൈകൂപ്പി ശരണം വിളിക്കുന്നതും ഹിന്ദു വിശ്വാസപ്രകാരമാണ്. കല്ലും മുള്ളും ചവിട്ടി പതിനെട്ടാം പടിയേറി ഒരു നിമിഷത്തെ ദർശനം ജീവിതകാലത്തെ വലിയ അനുഭൂതിയായി ഉള്ളിൽ നിറച്ച് മടങ്ങാനൊരുങ്ങുന്ന ഭക്തർ, താഴേത്തിരുമുറ്റത്ത് വാവര് നടയിലെത്തി കാണിക്കയിട്ടു തൊഴുന്നതോടെ ശബരിമല മതാതീത ക്ഷേത്രമായെന്നാണ് പിണറായി വിജയന്റെ കുറിമാനം. ഒരു ദിവസമെത്തുന്ന ഭക്തരിൽ പകുതിയോളമേ വാവര് സ്വാമിയെ കാണുന്നുള്ളൂവെന്ന കണക്ക് സഖാവിന് വിഷയമല്ല. പമ്പയിൽ നടന്ന അയ്യപ്പസംഗമത്തിലാണ് പിണറായി മതനിരപേക്ഷത കണ്ടെത്തിയത്. യഥാർത്ഥ അയ്യപ്പഭക്തർ അയ്യപ്പസംഗമത്തെ എതിർക്കില്ലെന്നും അദ്ദേഹം ഉറപ്പിക്കുന്നു. അങ്ങനെയെങ്കിൽ, പൊലീസ് സംരക്ഷണയിൽ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് എത്തിച്ച ബിന്ദു അമ്മിണിയെയും കനകദുർഗയെയും അയ്യപ്പസംഗമത്തിലേക്ക് എന്തുകൊണ്ട് വിളിച്ചില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. വിളിച്ചില്ലെങ്കിലും വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ബിന്ദു അമ്മിണിയെ പൊലീസ് നിരീക്ഷണത്തിലാക്കിയത് എന്തുകൊണ്ടാണ്.
കളങ്കം മാഞ്ഞോ ?
നാലായിരത്തിലേറെ ആളുകൾ രജിസ്റ്റർ ചെയ്ത അയ്യപ്പസംഗമത്തിന് കസേരങ്ങൾ ഒഴിഞ്ഞുകിടന്നതും ചർച്ചായിരുന്നു. ആയിരത്തിൽ താഴെയാളുകൾ മാത്രമേ എത്തിയിട്ടുള്ളൂവെങ്കിലും രാഷ്ട്രീയമായി അത് സി.പി.എമ്മിനു നേട്ടമായെന്ന് പറയാം. ഹിന്ദുക്കളിലെ രണ്ടു പ്രബല സമുദായങ്ങളായ എസ്.എൻ.ഡി.പിയുടെയും എൻ.എസ്.എസിന്റെയും നേതാക്കൾ സംഗമത്തിനെത്തി. അയ്യപ്പസംഗമം കൊണ്ട് സി.പി.എം ലക്ഷ്യമിട്ടതും അതുതന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും, തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും. വികസന പദ്ധതികൾ ഒട്ടേറെ നടപ്പാക്കിയെങ്കിലും വിവാദങ്ങൾ ഒന്നിനു പിറകെ ഒന്നാകെ സർക്കാരിനെ പിന്തുടരുകയാണ്. കൈവിട്ട സമുദായ സംഘടനകളെ ഒപ്പം നിറുത്തിയാൽ മാത്രമേ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും പ്രതീക്ഷയുള്ളൂവെന്ന തിരിച്ചറിവും അയ്യപ്പസംഗമത്തിന് പിന്നിലുണ്ട്.
പ്രബല സമുദായങ്ങളെ ഒപ്പം നിറുത്തിയതുകൊണ്ട് ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനും പാർട്ടിക്കുമേറ്റ കളങ്കം മായുമെന്നാണ് പ്രതീക്ഷ. യുവതീ പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടത്തിയ നിരപരാധികൾക്കു മേൽ ചുമത്തപ്പെട്ട കേസുകൾ പൊതുമുതൽ നശിപ്പിച്ചതിനും സ്ത്രീകളെ ആക്രമിച്ചതിനുമൊക്കെയാണ്. റാന്നിയിൽ നിലത്തിരുന്ന് നാമജപം നടത്തിയ ആളുകൾ അതേസമയത്തു തന്നെ ശബരിമലയിലും പത്തനംതിട്ടയിലും പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത കേസുകളിൽ പ്രതികളാണ്. ഇത്തരം കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസും എസ്.എൻ.ഡി.പിയും സംഘപരിവാറും ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ മിണ്ടിയിട്ടില്ല. കേസുകൾ കുറ്റപത്രങ്ങളാക്കി പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അത് ഇനി പിൻവലിക്കാനാവാത്തതാണ്. വാദി സർക്കാരാണ്. പൊതുമുതൽ നശിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളെ വെറുതെ വിടണമെന്ന് സർക്കാരിന് കോടതിയിൽ പറയാനാകുമോ എന്നത് നിയമപ്രശ്നമാണ്. ഒരുപാട് കാരണങ്ങൾ നിരത്തേണ്ടി വരും. കോടതിയുടെ ഓരോ ചോദ്യത്തിനും മറുപടി നൽകേണ്ടിവരും. സംഗമം രാഷ്ട്രീയമായി സി.പി.എമ്മിനു ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ശബരിമല കർമ്മസമിതി നടത്തിയ ശബരിമല സംരക്ഷണസംഗമം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. സെമിനാറുകളിലും പൊതുസമ്മേളനത്തിലും സംഘാടകർ പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമുണ്ടായി. യുവതീ പ്രവേശന സമയത്ത് പന്തളത്ത് നടന്ന പ്രതിഷേധ സംഗമത്തിലെ ജനസാഗരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിലെ പങ്കാളിത്തം. പമ്പയിൽ സർക്കാർ സംവിധാനങ്ങളെയെല്ലാം കോർത്തിണക്കി നടത്തിയ സംഗമസദസിൽ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെക്കൊണ്ട് നിറച്ചതായാണ് ആക്ഷേപം. അവിടെ നടന്നതല്ല അയ്യപ്പസംഗമമെന്നും പന്തളത്ത് നടന്നതാണെന്നും സംഘപരിവാർ വാദിക്കുന്നു. ഹിന്ദു ഐക്യവേദി പന്തളത്ത് നടത്തിയ സംഗമത്തിൽ ബി.ജെ.പി തമിഴ്നാട് മുൻ അദ്ധ്യക്ഷൻ കെ.അണ്ണമലൈയും കേരളത്തിലെ മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും പങ്കെടുത്തതുകൊണ്ട് അത് ബി.ജെ.പി സംഗമമായിരുന്നുവെന്ന് സി.പി.എം പറയുന്നു.
സി.പി.എമ്മിനും
ബി.ജെ.പിക്കും നേട്ടം
യഥാർത്ഥത്തിൽ പമ്പയിലെ സംഗമം കൊണ്ട് സി.പി.എമ്മിനും പന്തളത്തെ സംഗമം കൊണ്ട് ബി.ജെ.പിക്കും നേട്ടമുണ്ടാക്കാനാകും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ച് മുസ്ളീം ലീഗിനെ പാട്ടിലാക്കാനുളള സി.പി.എം നീക്കം പൊളിഞ്ഞു. ഇത്തവണ പമ്പയിൽ ഹിന്ദു വിഭാഗത്തിലെ പ്രധാന ശക്തികളെ കൂടെ നിറുത്താൻ സി.പി.എമ്മിനു കഴിഞ്ഞു. പന്തളത്തെ സംഗമത്തിലൂടെ ബി.ജെ.പിക്ക് ഹിന്ദുത്വ വോട്ടുകൾ നിലനിറുത്താനും കഴിയും. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ തമ്മിത്തല്ല് കാരണം ചെയർപേഴ്സണെ മാറ്റിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ നഗരഭരണം ബി.ജെ.പിക്ക് കിട്ടില്ലെന്ന് പൊതുവിലയിരുത്തലുണ്ടായിരുന്നു. ഇപ്പോൾ ആഭ്യന്തര കലഹം ഒരുവിധം ശാന്തമാണ്. ശബരിമല സംരക്ഷണ സംഗമത്തിലൂടെ പഴയ ഹൈന്ദവ വികാരം ഒന്നുകൂടി ഇളക്കി നേട്ടമാക്കാമെന്നാണ് അവരുടെ പ്രതീക്ഷ. ഇനി കോൺഗ്രസും അയ്യപ്പ സംഗമം നടത്തണം. അവരുടെ കുറവുകൂടി നിഴലിക്കുന്നു.