പുരപ്പുറ സോളാറിലെ 'സൂര്യാഘാതം'

Thursday 25 September 2025 2:27 AM IST

ലോകമെങ്ങും, പുനരുപയോഗ ഊർജ്ജസ്രോതസ് എന്ന നിലയിൽ സൗരോർജ്ജത്തിനു മുന്നിൽ രാജ്യങ്ങൾ 'സൂര്യനമസ്‌കാരം" ചെയ്യുന്ന കാലമാണിത്. പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൻകിട വ്യവസായ സംരംഭങ്ങളും വമ്പൻ സ്ഥാപനങ്ങളുമൊക്കെ ആ രാജ്യങ്ങളിൽ എത്രയോ ഉണ്ട്. അത്തരമൊരു ലോകമാതൃക നമ്മുടെ നാട്ടിലുമുണ്ട്- നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം. പക്ഷേ,​ സൗരോർജ്ജമെന്ന അക്ഷയസ്രോതസിന് പുറംതിരിഞ്ഞു നിൽക്കുക മാത്രമല്ല,​ പുരപ്പുറ സോളാർ പാനലുകൾ വഴി സൗരോർജ്ജം ഉത്പാദിപ്പിച്ച് ഉപയോഗിക്കുകയും,​ ശേഷിക്കുന്നത് വൈദ്യുതി ബോർഡിന് നൽകുകയും ചെയ്യുന്നവരുടെ തലയ്ക്കടിച്ചു വീഴ്ത്തുന്ന കൊടുംചതിയാണ് കുറേക്കാലമായി കെ.എസ്.ഇ.ബി നടത്തുന്നത്.

കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ ശൃംഖലയിൽ നിന്ന് ഒരു വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ഇലക്ട്രിക് പോസ്റ്റും കമ്പിയും ഫ്യൂസും ഒക്കെയായി ചില അടിസ്ഥാന ചെലവുകൾ ബോർഡിന് വരുമല്ലോ. ആ ചെലവിന്റെ ഇനത്തിലാണ് നമ്മൾ ഓരോ തവണയും വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ് അടയ്ക്കുന്നത്. കെ.എസ്.ഇ.ബിക്ക് ഒരു സംസ്ഥാപന ചെലവും വരാതെ,​ ഉപഭോക്താവ് സ്വന്തം ചെലവിൽ നേരിട്ട് സ്ഥാപിക്കുന്ന പുരപ്പുറ സോളാർ പാനലുകളുടെ കാര്യത്തിൽ ഈ ഫിക്സഡ് ചാർജ് എങ്ങനെ ബാധകമാകും?​ പുരപ്പുറ സോളാർ ഉത്പാദകരുടെ കാര്യത്തിൽ ഈ ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്ന ആവശ്യമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞത്. അതായത്,​ സാധാരണ വൈദ്യുതി ഉപഭോക്താക്കളെപ്പോലെ തന്നെ പുരപ്പുറ സോളാർ ഉത്പാദകരും ഫിക്സഡ് ചാർജ് അടച്ചേ മതിയാകൂ!

അതിന് കെ.എസ്.ഇ.ബി പറയുന്ന ന്യായമാണ് അതിവിചിത്രം. സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന വീടുകളിൽത്തന്നെ ഇലക്ട്രിസിറ്റി എന്ന പരമ്പരാഗത വൈദ്യുതി കണക്ഷനുമുണ്ടല്ലോ. സൗരോർജ്ജ വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവുമൊക്കെ അളക്കാൻ സ്ഥാപിക്കുന്ന നെറ്റ് മീറ്റർ സംവിധാനത്തിൽ, സൗരവൈദ്യുതിയുടെയും സാധാരണ വൈദ്യുതിയുടെയും 'പോക്കുവരവ്" വേർതിരിച്ച് കണക്കാക്കാനുള്ള സാങ്കേതിക സംവിധാനമില്ല! അതുകൊണ്ട് ഫിക്സഡ് ചാർജ് ഒഴിവാക്കാനുമാവില്ല! അതെന്തു ന്യായം?​ ആ സാങ്കേതിക സൗകര്യം മീറ്ററിൽ ഇല്ലാത്തത് ഉപഭോക്താവിന്റെ കുറ്റമാണോ?​ സൗരവൈദ്യുതിയുടെ ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ 40 ശതമാനം സബ്സിഡി ഉൾപ്പെടെ നല്കി സോളാർ പാനലുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ,​ അങ്ങനെ പാനലുകൾ സ്ഥാപിച്ച് തങ്ങളുടെ വൈദ്യുതിക്കൊള്ളയെ വെല്ലുവിളിക്കുന്നവരെ പതുങ്ങിയിരുന്ന് ആക്രമിക്കുന്ന 'തിരുട്ടുവേല"യാണ് കെ.എസ്.ഇ.ബി പയറ്റുന്നത്.

ഇപ്പോൾത്തന്നെ പുരപ്പുറ സോളാർ വഴി ഉത്പാദിപ്പിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നമ്മൾ നൽകുന്ന കറണ്ടിന് കുറഞ്ഞ നിരക്കാണ് കെ.എസ്.ഇ.ബി നൽകുന്നത്. അതേസമയം,​ വൈദ്യുതി ഉപഭോഗം കൂടുതലുള്ള രാത്രികാലത്ത് വൈദ്യുതി ബോർഡ് വിതരണംചെയ്യുന്ന കറണ്ടിന് കൂടിയ ചാർജ് നൽകുകയും വേണം! ഇനി,​ വരുന്ന ഒക്ടോബറിൽ സൗരവൈദ്യുതി ഉത്പാദകർക്കായി ബോ‌ർഡിന്റെ അടുത്ത 'സൂര്യാഘാതം" റെഡിയായി വരുന്നുണ്ട്. സൗരവൈദ്യുതി സംഭരിച്ചു വയ്ക്കാനുള്ള ബാറ്ററി സംവിധാനം ഉപഭോക്താവ് തന്നെ ഏർപ്പെടുത്തുക,​ നെറ്റ് മീറ്റർ പരിമിതപ്പെടുത്തുക തുടങ്ങി പല മട്ടിലുള്ള പ്രഹരം ചേർന്നതാണ് ആ പരിഷ്കാരം. പുറത്തുള്ള കമ്പനികളിൽ നിന്ന് കോടികളുടെ വൈദ്യുതി കടംവാങ്ങേണ്ടിവന്നാലും ശരി,​ സൗരവൈദ്യുതിയെ പ്രോത്സാഹിപ്പിക്കില്ല എന്നുള്ള കെ.എസ്.ഇ.ബിയുടെ പിടിവാശിക്കു പിന്നിൽ കമ്മിഷൻ കളി മാത്രമാണെന്ന ആക്ഷേപം പകൽവെളിച്ചംപോലെ വ്യക്തം. സൗരവൈദ്യുതി ഉത്പാദകർ ഇനി സംഘടനയുണ്ടാക്കി,​ സമരത്തിന് ഇറങ്ങിയിട്ടു വേണോ വൈദ്യുതി ബോർഡ് പാഠം പഠിക്കാൻ?​ അത് വേണ്ടിവരും!