ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസ് കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

Wednesday 24 September 2025 9:43 PM IST

കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റ് കെ.സിന്ധുവിനും ഭർത്താവ് ബാബുവിനും എതിരായ കുറ്റപത്രത്തിൽ പ്രതികളുടെ ആഡംബര ജീവിതവും ധൂർത്തും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചിറക്കൽ സ്വദേശിനിയായ കെ.സിന്ധുവിനെ ചോദ്യംചെയ്ത് കണ്ണൂർ ടൗൺ പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെ 2023ൽ ഡി.ജി.പിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്.അന്വേഷണത്തിൽ പ്രതികളായ സിന്ധു , ഭർത്താവ് ബാബു എന്നിവർ ചേർന്ന് തട്ടിപ്പു നടത്തിയ പണം ആഡംബര ജീവിതം നയിക്കുന്നതിന് ഉൾപ്പെടെ ചിലവാക്കിയതായി കണ്ടെത്തി. പ്രതികളുടെജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്കും ഇരുവരുടേയും വ്യക്തിഗത അക്കൗണ്ടുകളിലുമാണ് തട്ടിപ്പു പണം മാറ്റിയതായി കണ്ടെത്തിയത്.

കണക്കുകളിൽ കൃത്രിമം കാണിച്ച് ഏഴരകോടിതട്ടിയെടുത്തുവെന്ന കൃഷ്ണ ജ്വല്ലറി മാനേജിംഗ് പാർട്ണർ ഡോ സി വി.രവീന്ദ്രനാഥിന്റെ പരാതിയിൽ 2023 ജൂലായ് മൂന്നാം തീയ്യതിയാണ് സിന്ധുവിനും ഭർത്താവ് ബാബുവിനുമേതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.

കേസിൽ 65 ഓളം രേഖകളും 60 സാക്ഷികളെയും ചോദ്യം ചെയ്തതിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ യൂണിറ്റ് ഇൻസ്‌പെക്ടർ ബി.അനീഷ് ആണ് കേസന്വേഷിച്ചത്. അന്വേഷണ സംഘത്തിൽ എസ്‌.ഐ കെ.ശ്രീജിത്ത്, എ.എസ്‌.ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സി പി.ഒ ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.

നികുതിത്തുക അടിച്ചുമാറ്റി തുടക്കം

2004 മുതൽ ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന സിന്ധു ടാക്‌സ് ആയി അടക്കേണ്ട തുകയിൽ നിന്നും ഒരു ഭാഗം കൈവശപ്പെടുത്തിയാണ് തട്ടിപ്പ് തുടങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഓഡിറ്റിംഗിലും തട്ടിപ്പ് പിടിക്കപ്പെടാതിരുന്നതിനാൽ തട്ടിപ്പിന്റെ വ്യാപ്തി കൂടി. ഇതിലൂടെ ലഭിച്ച പണം സ്വന്തം അക്കൗണ്ടുകളിലായി മാറ്റി ലോൺ അടച്ചു തീർക്കുന്നതിനും ഇൻഷ്വറൻസ് തുക അടക്കുന്നതിനുമാണ് ചിലവാക്കിയത്.റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിച്ചതായി പറയുന്നുണ്ടെങ്കിലും തെളിവുകൾ പൂർണമായി കണ്ടെത്താനായില്ല.സിന്ധുവിന്റെ പുതിയതെരുവിൽ ലിഫ്റ്റ് സംവിധാനം അടക്കമുള്ള ഇരുനില ആഡംബരവീടും പണിതിരുന്നു.