ആറളം ഫാമിലെ റബർ തോട്ടം വിഹാരകേന്ദ്രമാക്കി കാട്ടാനകൾ

Wednesday 24 September 2025 9:52 PM IST

ഇരിട്ടി : ആറളം ഫാമിലെ ഏഴാംബ്ളോക്കിലെ റബർ തോട്ടത്തിൽ കാട്ടാനകളുടെ പരാക്രമം. കരാറുകാരൻ ജിൽസ് എൽദോയുടെ റബ്ബർ പാൽ ശേഖരിച്ച പാത്രങ്ങളും ബാരലുകളുമടക്കമുള്ളവ ചവിട്ടി നശിപ്പിച്ച ആനകൾ ഇവിടം താവളമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി തോട്ടത്തിൽ സ്ഥിരം ആനകളുടെ സാന്നിധ്യം ഉണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നത് . കൂട്ടമായി എത്തുന്ന ആനകൾ പാൽ നിറച്ച ബാരലുകൾ ചവിട്ടി നശിപ്പിക്കുകയാണ് . പാലെടുക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും നശിപ്പിച്ചു. പാൽ നിറച്ചുവെച്ചിരിക്കുന്ന ബാരലുകൾ കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടും ചവിട്ടിയുമാണ് ആനകൾ നശിപ്പിച്ചിരിക്കുന്നത്. സീൽ ചെയ്തവയായതിനാൽ പാൽ നഷ്ടപ്പെട്ടിട്ടില്ല . എന്നാൽ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാണ് ബാരലുകൾ നശിപ്പിച്ചിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾ പുലർച്ചെ പടക്കം പൊട്ടിച്ചും പാത്രം തട്ടി ശബ്ദം ഉണ്ടാക്കിയും ആനകളെ തുരത്തി ശേഷമാണ് ജോലി തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം വയനാടൻ കാടുകളിൽ നിന്നും തുരത്തിയ ആനകൾ കാട്ടിലേക്ക് കടന്നുപോകാതെ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് തൊഴിലാളികൾ പറഞ്ഞു .ഇവയെ തുരത്തിയാൽ മാത്രമേ ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഫാമിന് കനത്ത സാമ്പത്തികനഷ്ടം

കാട്ടാനകൾ വൻ സാമ്പത്തിക നഷ്ടമാണ് ആറളം ഫാമിന് വരുത്തുന്നത്. മുൻപ് റബർമരങ്ങളുടെ തൊലി പൊളിച്ചു തിന്നതുവഴി 4000 ഓളം റബറുകൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിലൂടെ കനത്ത സാമ്പത്തിക നഷ്ടം ഫാമിന് നേരിട്ടു . കടുത്ത സാമ്പത്തിക ബാദ്ധ്യതയിൽ വലയുന്ന ഫാമിന്റെ ഏക സ്ഥിര വരുമാനമാണ് റബർ. ഫാമിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകളെ കാട്ടിലേക്ക് തുരത്തിയാൽ മാത്രമേ പുനരധിവാസ മേഖലയിൽ ഉൾപ്പെടെ കൃഷിയും വരുമാന മാർഗങ്ങളും കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് തൊഴിലാളികൾ പറഞ്ഞു.