സഖി ഇനി ഓർമകളിൽ ...

Thursday 25 September 2025 1:24 AM IST

വക്കം: പി.ടി.എ മീറ്റിംഗ് കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ അതുവരെ കൂടെയുണ്ടായിരുന്ന സഖിയുടെ അപകടവാർത്ത കേട്ട ഞെട്ടലിലാണ് അദ്ധ്യാപകരും കൂട്ടുകാരും. ഉച്ചയ്ക്ക് 2.30ഓടെ മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുവന്ന മൃതദേഹം കടയ്ക്കാവൂർ എസ്.എസ്.പി.ബി. എച്ച്.എസ്.എസിൽ പൊതുദർശത്തിന് വച്ചപ്പോൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണ് നിറഞ്ഞു. പൊതുദർശത്തിനു ശേഷം മൂന്നര മണിയോടെ അന്ത്യകർമ്മങ്ങൾക്കായി മാമ്പള്ളി ഹോളി സ്പിരിറ്റ് ചർച്ചിലേക്ക് കൊണ്ടുപോയി. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സഖിയുടെ അച്ഛനും അമ്മയും ആംബുലൻസിലിരുന്നാണ് ചടങ്ങുകൾ കണ്ടത്. ജനപത്രിനിധികളും രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേർ സഖിക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തി.

സ്കൂൾ പി.ടി.എ യോഗത്തിന് ശേഷം അച്ഛൻ ജോൺ പോളിനും അമ്മ പ്രഭിന്ധ്യയ്ക്കുമൊപ്പം അച്ഛന്റെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകവെ തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞാണ് സഖി (12) മരിച്ചത്.

ജോൺ പോളായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ സഖിയെ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോൺ പോളിനും പ്രഭിന്ധ്യയ്ക്കും പരിക്കേറ്റിരുന്നു. എസ്.എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സഖി. സഹോദരൻ സത്യ.