നിർമ്മാണപാതയിൽ പ്രേംനസീർ സാംസ്കാരിക സമുച്ചയം

Thursday 25 September 2025 1:24 AM IST

ചിറയിൻകീഴ്: പ്രേംനസീറിന് ജന്മനാട്ടിൽ ഒരുങ്ങുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പ്രേംനസീറിന്റെ പേരിൽ സ്മാരകം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആരാധകരുടെയും നാട്ടുകാരുടെയും ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നത്.

2021ലാണ് പ്രേംനസീർ സ്മാരക മന്ദിരത്തിനായി തറക്കല്ലിട്ടതെങ്കിലും വിവിധ കാരണങ്ങളാൽ നിർമ്മാണം നീണ്ടു. ബാപ്പയ്ക്ക് ഉചിതമായ ഒരു സ്മാരകം യാഥാർത്ഥ്യമായി കാണണമെന്ന് പ്രേം നസീറിന്റെ മകൻ ഷാനവാസും അതിയായി ആഗ്രഹിച്ചിരുന്നു. ചിറയിൻകീഴ് താലൂക്കാശുപത്രി (എക്സ്റേ യൂണിറ്റ്), കൂന്തള്ളൂർ സ്കൂൾ കെട്ടിടം എന്നിവയെല്ലാം പ്രേംനസീറിന്റെ സംഭാവനകളാണ്. ഒന്നാംനിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ആഹ്ലാദത്തിലും ഉദ്ഘാടനത്തിനുള്ള തയാറെടുപ്പിലുമാണ് നാട്ടുകാരും ആരാധകരും.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സാംസ്കാരിക വകുപ്പിന് കൈമാറിയ ശാർക്കര മലയാളം പള്ളിക്കൂടത്തിന്റെ വകയായിരുന്ന 62 സെന്റ് ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് നിർമ്മാണം. ഒന്നാംനില 7200 ചതുരശ്ര അടിയും രണ്ട്, മൂന്ന് നിലകൾ യഥാക്രമം 4000, 3800 ചതുരശ്ര അടിയുമാണ്.

ഒന്നാം നിലയിൽ:-

രണ്ട് ഹാളുകളിലായി മ്യൂസിയം ഓഫീസ്, ഓപ്പൺ എയർ തിയേറ്റർ, സ്റ്റേജ് എന്നിവയാണുള്ളത്. ഇതിന്റെ ഫർണിഷിംഗ്, ഇലക്ട്രിക്കൽ, ടൈലിംഗ് ജോലികൾ പൂർത്തിയാക്കണം

രണ്ടും മൂന്നും നിലകളിൽ:- ലൈബ്രറി, കഫെറ്റീരിയ, പ്രേംനസീറിന്റെ മുഴുവൻ സിനിമകളുടെയും കളക്ഷൻ, സിനിമ പഠനത്തിനുള്ളവർക്ക് താമസസൗകര്യം

 ഉദ്ഘാടനം ഉടൻ

മലയാളം പള്ളിക്കൂടം പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇവിടെ ഇനി ടൈൽ പാകണം. ഇവ പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാം നിലയുടെ ഉദ്ഘാടനം നടക്കും. സർക്കാർ ഫണ്ടും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ചേർത്ത് 2കോടി 95 ലക്ഷം രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടും മൂന്നും നിലകളുടെ നിർമ്മാണത്തിന് 1കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.