എയിംസ് പ്രഖ്യാപനം : സുരേഷ് ഗോപിയുടേത് രാഷ്ട്രീയ സ്റ്റണ്ടെന്ന് സി.പി.എം
ആലപ്പുഴ: ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ വകുപ്പുമായി ബന്ധമില്ലാത്ത സഹമന്ത്റിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകിയില്ലെങ്കിൽ തമിഴ്‌നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ്. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മുഖ്യമന്ത്റി പിണറായി വിജയനും പ്രധാനമന്ത്റിയും തമ്മിൽ നടന്ന ചർച്ചയിൽ കേരളത്തിൽ ഉടനെ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പ് പറഞ്ഞിരുന്നു. കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാരും വിഷയം പാർലമെന്റിൽ വർഷങ്ങളായി തുടർച്ചയായി ഉന്നയിച്ച് വരികയും കേരളത്തിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്റിമാർ മറുപടി പറയുകയും ചെയ്തിരുന്നതാണ്
സുരേഷ് ഗോപി നടത്തുന്ന ജല്പനങ്ങൾ പതിവ് രാഷ്ട്രീയ സ്റ്റണ്ട് മാത്രമായേ കാണാനാവൂവെന്നും പ്രസ്താവനയിൽ ആരോപിച്ചു.