ബിന്ദു പദ്മനാഭൻ കൊലപാതകം : സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ചേർത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യനെ (61) തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷെറിൻ.കെ.ജോർജ്ജാണ് 30ന് വൈകിട്ടു നാലുവരെ ഇയാളെ കസ്റ്റഡിയിൽ വിട്ടത്.
ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതമൊഴിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ പ്രതിയാക്കി കേസെടുത്തത്. 18ന് വിയ്യൂർ ജയിലിലെത്തിയാണ് കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സെബാസ്റ്റ്യൻ ജൂലായ് 28 മുതൽ റിമാൻഡിലാണ്.
സഹോദരിയെ കാണാനില്ലെന്ന് ടി ബിന്ദുവിന്റെ സഹോദരൻ പ്രവീൺകുമാർ 2017ൽ നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസെടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. 2002 മുതൽ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി. പ്രാഥമികാന്വേഷണത്തിൽ 2006വരെ ബിന്ദു ജീവിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2006ൽ ഇവർ കൊലചെയ്യപ്പെട്ടെന്നാണ് നിഗമനം. ഇതിലെല്ലാം ഉത്തരം സെബാസ്റ്റ്യനെ ചോദ്യംചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജെയ്നമ്മ കൊലക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് സെബാസ്റ്റ്യൻ ബിന്ദു പദ്മനാഭനെ കൊന്നതായി കുറ്റസമ്മതം നടത്തിയത്. ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006നു ശേഷം ഇവരുടെ പേരിലുള്ള ഭൂമി വ്യാജപ്രമാണത്തിലൂടെ തട്ടിയെടുത്തതിലടക്കം മൂന്നുകേസുകൾ സെബാസ്റ്റ്യന്റെ പേരിലുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ചിലെ ഡിക്ടറ്റീവ് ഇൻസ്പെക്ടർ കെ.ഹേമന്ത്കുമാറാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.വിനോദ് കോടതിയിൽ ഹാജരായി.
മൃതദേഹം കണ്ടെടുക്കണം
2017മുതലുള്ള അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിന്ദുപത്മനാഭനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ടു നൽകിയത്. കൂടുതൽ തെളിവെടുക്കുന്നതിനും ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനുമാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ കോട്ടയം,എറണാകുളം കണ്ണൂർ, കുടക്,ബാംഗ്ലൂർ,വേളാങ്കണ്ണി,കോയമ്പത്തൂർ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് ശേഖരിക്കേണ്ടതുണ്ട്. സെബാസ്റ്റ്യന് വേണ്ടി അഡ്വ.വി.എസ്.രാജൻ കോടതിയിൽ ഹാജരായി. ചേർത്തല പൊലീസ് അന്വേഷിക്കുന്ന റിട്ട.പഞ്ചായത്ത് ജീവനക്കാരി ഹയറുമ് മ(ഐഷ–62) തിരോധാനക്കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്.