പദ്ധതിയുണ്ടായിട്ടും തൊണ്ട നനയ്ക്കാനാകാതെ കുട്ടനാട്
ആലപ്പുഴ : സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക് എത്താതിരുന്നതോടെ കൈനകരിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തൊണ്ട നനയ്ക്കാൻ പോലും കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നു. കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ കിഫ്ബി സഹായത്തിൽ തുടക്കം കുറിച്ച കുട്ടനാട് കുടിവെള്ള പദ്ധതിയിൽ നിന്ന് പലപ്രദേശങ്ങളിലും ഇന്നേവരെ കുടിവെള്ളമെത്തിയിട്ടില്ല.
കുട്ടനാട്ടുകാർക്കായി മുൻമന്ത്രി തോമസ് ഐസക്ക് മുൻകൈയെടുത്താണ് പദ്ധതി അനുവദിച്ചത്. നീരേറ്റുപുറത്ത് തോമസ് ചാണ്ടി എം.എൽ.എ സർക്കാരിന് സൗജന്യമായി വിട്ടു നൽകിയ ഭൂമിയിൽ 14ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ ശാല സ്ഥാപിച്ചാണ് ജലവിതരണം തുടങ്ങിയത്. പിന്നീട് പ്ളാന്റിന്റെ പ്രവർത്തനക്ഷമത 6 ദശലക്ഷം ലിറ്ററായി കുറഞ്ഞത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കി.
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിന് കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് തോമസ് കെ.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. 289.54 കോടിയിൽ നിന്ന് 385.013 കോടി രൂപയായി പദ്ധതി തുക വർദ്ധിപ്പിച്ചിരുന്നു. ഓവർഹെഡ് ടാങ്കുകൾ നിർമ്മിക്കാൻ പഞ്ചായത്തുകൾ വിട്ടുനൽകിയ ഭൂമിയിൽ ഭൂരിഭാഗവും തണ്ണീർത്തട സംരക്ഷണ നിയമപരിധിയിലുള്ളതായതിനാൽ ഭൂമി തരംമാറ്റിയെടുക്കുന്നതിനും വസ്തുവിന്റെ യഥാർത്ഥരേഖകൾ ശേഖരിക്കുന്നതിനും സമയം വേണ്ടിവന്നതും പദ്ധതി പൂർത്തീകരണത്തെ വൈകിപ്പിച്ചു.
കടുവെള്ളമെത്തിക്കാൻ വേണ്ടത് 9 പാക്കേജുകൾ
30 ദശലക്ഷം ലിറ്റർ സംഭരണശേഷിയിലെ പുതിയ പ്ലാന്റ് നിർമ്മാണവും നിലവിലെ പ്ലാന്റ് നവീകരണവും തലവടിയിലും എടത്വയിലും ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കൽ നീരേറ്റുപുറത്ത് നിന്നും മുട്ടാർ, വെളിയനാട്, നീലംപേരൂർ ,രാമങ്കരി ,പുളിങ്കുന്ന്, കാവാലം ,നെടുമുടി ,ചമ്പക്കുളം കൈനകരി എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളിലേക്ക് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കൽ എടത്വാ, വീയപുരം തലവടി,തകഴി പഞ്ചായത്തുകളിൽ വിതരണശൃംഖല സ്ഥാപിക്കുന്നതും തകഴി ഗ്രാമപഞ്ചായത്തിൽ ഓവർഹെഡ് ടാങ്ക് നിർമ്മിക്കുന്നതും മുട്ടാർ ,വെളിയനാട്, നീലംപേരൂർ ഉന്നതതല ജലസംഭരണി പുളിങ്കുന്ന്, കാവാലം ഓവർഹെഡ് ടാങ്ക് രാമങ്കരി, ചമ്പക്കുളം ഉന്നതതല ജലസംഭരണി കൈനകരി , നെടുമുടി ഉന്നതതല ജലസംഭരണി വിയപുരം ഗ്രാമപഞ്ചായത്തിലെ ഓവർഹെഡ് ടാങ്ക് , എടത്വയിലെ ജല അതോറിട്ടിയുടെ ഓഫീസ് നിർമ്മാണം
പരിഹസിച്ച് യുവാക്കൾ
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരസീസണിന്റെ ആദ്യ വേദിയായിരുന്ന കൈനകരിയിലെ പമ്പിംഗ് നിലച്ച മുണ്ടക്കൽ ജലസംഭരണിക്ക് മുകളിൽ ഫ്ലെക്സ് സ്ഥാപിച്ച് യുവാക്കൾ പ്രതിഷേധിച്ചിരുന്നു. മരപ്പട്ടി, പൂച്ച, എലി തുടങ്ങിയവയുടെ മൂത്രം ഈ സംഭരണിയിൽ നിന്ന് വിൽപ്പനയ്ക്ക് എന്ന തരത്തിൽ പദ്ധതിയെ പരിഹസിക്കുന്നതായിരുന്നു ഫ്ലെക്സിലെ വാചകങ്ങൾ. പിന്നീട്, പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഫ്ലെക്സ് നീക്കം ചെയ്തു.
നിലവിൽ പ്രവർത്തിക്കുന്ന ശുദ്ധീകരണശാല നവീകരിച്ച്, വിതരണ ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തി പരമാവധി ശുദ്ധജല വിതരണത്തിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി ഒമ്പത് പാക്കേജുകളിലായാണ് നടപ്പാക്കുന്നത്
- തോമസ് കെ.തോമസ് എം.എൽ.എ