മെമുവിൽ 16റേക്ക് വാക്കിൽ മാത്രം, ദുരിതമൊഴിയാതെ യാത്രക്കാർ
ആലപ്പുഴ : ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള മെമുവിൽ വർദ്ധിപ്പിച്ച റേക്കുകളുടെ പ്രയോജനം ലഭിക്കാതായതോടെ യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. റേക്കുകൾ 16 ആയി വർദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും ഭൂരിഭാഗം ദിവസങ്ങളിലും 12 റേക്കുകളുമായാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞാണ് റേക്കുകൾ വെട്ടിച്ചുരുക്കുന്നത്. രാവിലെ 7.25ന് പുറപ്പെടുന്ന ആലപ്പുഴ- എറണാകുളം മെമുവിൽ കാലുകുത്താൻ പോലും സാധിക്കാത്ത തിരക്കാണിപ്പോൾ. ആലപ്പുഴയിൽ നിന്നുതന്നെ നിറയുന്ന ട്രെയിൻ ചേർത്തല ആകുമ്പോൾ നിറഞ്ഞു കവിയും. ടോയ്‌ലറ്റിന്റെ മുന്നിൽ മൂക്കുപൊത്തിയാണ് പലരും യാത്ര ചെയ്യുന്നത്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ എറണാകുളത്തേക്കുള്ള മെമുവിൽ മുമ്പുള്ളതിലും തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പോകുന്നവരും ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവരുമാണ് യാത്രക്കാരിലധികവും. ക്യാൻസർ രോഗികൾ അടക്കമുള്ളവരാണ് തിരക്കിൽ ഞെങ്ങിയമർന്ന് യാത്ര ചെയ്യുന്നത്.
ചേർത്തലയാകുമ്പോൾ നിറയും
1. യാത്രക്കാർക്ക് ഏറെ ആശ്വാസമാകുമെന്ന വാഗ്ദാനത്തിലാണ് മെമുവിന് 4റേക്ക് കൂടി അനുവദിച്ചത്
2. എന്നാൽ ആഴ്ചയിൽ ഒന്നോരണ്ടോ ദിവസങ്ങളിൽ മാത്രമാണ് 16 റേക്കുകളുമായി ട്രെയിൻ ഓടുന്നത്
3. അലപ്പുഴയിൽ നിന്ന് പുറപ്പെട്ടാൽ ചേർത്തല എത്തുന്നതോടെ ട്രെയിനിൽ കാലുകുത്താൻ ഇടയില്ലാതാകും
4. തിക്കിലും തിരക്കിലും യാത്രക്കാർക്ക് ശാരീരികാസ്വാസ്ഥ്യം വരെ ഉണ്ടാകാറുണ്ട്
ജോലിക്ക് പോകാനാകുന്നില്ല
ചേർത്തല കഴിഞ്ഞുള്ളള സ്റ്റേഷനുകളിൽ കാത്തുനിൽക്കുന്ന സ്ത്രീകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ട്രെയിനിൽ കയറാനാവാത്ത അവസ്ഥയാണ്. ഇവർ ബസ് കയറി ജോലി സ്ഥലത്ത് എത്തുമ്പോൾ ഹാഫ് ഡേ ലീവ് മാർക്ക് ചെയ്യപ്പെടും. ചിലർ അവധി എടുത്ത് വീട്ടിലേക്ക് മടങ്ങും.
നിലവിലെ യാത്രാദുരിതം അവസാനിപ്പിക്കാൻ 16 റേക്കുള്ള മെമു എല്ലാദിവസവും അനുവദിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിരവധി തവണ റെയിൽവേയുട ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ല
പി.എം. നൗഷിൽ, ജില്ലാസെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽ