ഇന്ത്യയുമായുള്ള തർക്കത്തിനിടെ പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും കാണാൻ ട്രംപ്
Wednesday 24 September 2025 10:13 PM IST
ഇസ്ലാമാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നാളെ വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും ഷെഹ്ബാസിന്റെ ഒപ്പമുണ്ടാകും. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി 80 ാം സെഷന് അനുബന്ധമായി നടന്ന യോഗത്തിനിടെ ട്രംപുമായി ഷെഹ്ബാസ് ഇന്ന് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 36 സെക്കൻഡ് മാത്രമാണ് ഇത് നീണ്ടത്.
ട്രംപിന്റെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും അദ്ധ്യക്ഷതയിൽ നടന്ന അറബ്ഇസ്ലാമിക് നേതാക്കളുടെ യോഗത്തിൽ ഷെഹ്ബാസ് പങ്കെടുത്തിരുന്നു. അതേസമയം, മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അസീം മുനീർ യു.എസ് സന്ദർശിക്കുന്നത്. ജൂണിൽ വൈറ്റ് ഹൗസിലെത്തിയ മുനീറിന് ട്രംപ് വിരുന്നൊരുക്കിയിരുന്നു. പിന്നാലെ ട്രംപിന് സമാധാന നോബൽ നൽകാൻ പാകിസ്ഥാൻ ശുപാർശ ചെയ്തിരുന്നു.