ഡോക്ടറാകേണ്ട, അതിസമ്മർദ്ദം; നീറ്റ് ഉന്നത റാങ്കുകാരൻ ജീവനൊടുക്കി
ന്യൂഡൽഹി: ഡോക്‌ടറാകാൻ ഇഷ്‌ടമില്ലെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും എഴുതിവച്ച് നീറ്റ് പരീക്ഷയിലെ ഉന്നത റാങ്കുകാരൻ ജീവനൊടുക്കിയത് രാജ്യത്തിന് ഞെട്ടലായി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ മഹാരാഷ്ട്ര സ്വദേശി അനുരാഗ് അനിൽ ബോർകറാണ് (19) മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലുള്ള പിതാവ് അനിൽ ബോർകറുടെ കുടുംബവീട്ടിലാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലിന് മുറിയിലെത്തിയ മാതാവാണ് മൃതദേഹം കാണുന്നത്.
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ എയിംസിൽ എം.ബി.ബി.എസിന് ചേരാൻ പോകാനിരുന്ന ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ 'ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു" എന്നെഴുതിയിരുന്നു.
ഒ.ബി.സി വിഭാഗത്തിൽ 1475-ാം റാങ്കു നേടിയ അനുരാഗിന്റെ വിജയം രാജ്യ ശ്രദ്ധ നേടിയിരുന്നു. ആദ്യതവണ നീറ്റ് എഴുതിയപ്പോൾ മെഡിക്കൽ സീറ്റ് ലഭിച്ചെങ്കിലും കൂടുതൽ മികച്ച മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടാൻ രണ്ടാമതും പരീക്ഷ എഴുതിയെന്നാണ് വിവരം. അനുരാഗിന്റെ സഹോദരി കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
എം.ബി.ബി.എസിനേക്കാൾ നല്ലത് ബിസിനസ്
ഡോക്‌ടറാകാൻ ഇഷ്‌ടമില്ലെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും അനുരാഗിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. അഞ്ചുവർഷം എം.ബി.ബി.എസ് പഠിച്ച്, അതിനുശേഷം എം.ഡിയും ചെയ്‌ത് ഡോക‌്ടറാകാൻ വയ്യ. ബിസിനസ് ചെയ്താൽ അതിൽക്കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അനുരാഗ് വലിയ സമ്മർദ്ദം അനുഭവിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണമാരംഭിച്ചു.