യു.ഡി.എഫിനും ബി.ജെ.പിക്കും വിമർശനം; എൻ.എസ്.എസ് ഇടത്തോട്ട്, സർക്കാരിൽ വിശ്വാസമെന്ന് സുകുമാരൻ നായർ
കോട്ടയം: ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെ വിഷയങ്ങളിൽ ഇടഞ്ഞു നിന്നിരുന്ന എൻ.എസ്.എസ് ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് പിന്നാലെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം യു.ഡി.എഫിനെയും ബി.ജെ.പിയെയും ആശങ്കയിലാക്കി.
ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി. യു.ഡി.എഫിനെയും ബി.ജെ.പിയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
സർക്കാർ പക്ഷത്തേക്ക് എൻ.എസ്.എസ് ചാഞ്ഞത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻ.എസ്.എസ് നേതൃത്വവുമായുള്ള അകൽച്ചയും കോൺഗ്രസിനെ തള്ളിപ്പറയുന്നതിന് ഹേതുവാണെന്ന് കരുതുന്നവരുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ സർക്കാർ മുൻകൈയെടുത്തത്. ചികിത്സയിലായിരുന്ന ജി.സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത് മഞ്ഞുരുക്കി. മന്ത്രി വാസവനടക്കമുള്ളവർക്ക് കൂടിക്കാഴ്ചകളിലൂടെ സ്ത്രീപ്രവേശന വിഷയത്തിലെ പുതിയ നിലപാട് ബോദ്ധ്യപ്പെടുത്താനുമായി. അയ്യപ്പ സംഗമത്തിന് ക്ഷണിച്ചപ്പോഴും വിശ്വാസ വിഷയത്തിൽ എൻ.എസ്.എസിനൊപ്പമാണ് സർക്കാരെന്ന് ഉറപ്പ് നൽകി. തുടർന്നാണ് വൈസ് പ്രസിഡന്റ് സംഗീത്‌കുമാർ പങ്കെടുത്തത്. അയ്യപ്പ സംഗമം സർക്കാരിന്റെ തെറ്റുതിരുത്തലെന്നാണ് എൻ.എസ്.എസ് കാഴ്ചപ്പാട്.
കോൺഗ്രസിന് നിലപാടില്ല;
കേന്ദ്രം ഒന്നും ചെയ്തില്ല
കോൺഗ്രസിന്റേത് കള്ളക്കളിയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. അവർക്ക് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ന്യൂനപക്ഷ വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂ. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ലെന്നാണ് ബി.ജെ.പിക്കെതിരെ ആരോപണം. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പാലിച്ചില്ല. സ്ത്രീപ്രവേശന വിധിക്കെതിരെ എൻ.എസ്.എസ് നാമജപ ഘോഷയാത്ര നടത്തി. കോൺഗ്രസും ബി.ജെ.പിയും വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. ആചാരങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
'' സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായരുടേത്. സർക്കാർ നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രതികരണം''
-മന്ത്രി വാസവൻ
സമദൂരം വിട്ട്
ശരിദൂരത്തിന്
സമദൂരം ഉപേക്ഷിച്ചെന്ന് എൻ.എസ്.എസ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുഖപത്രമായ സർവീസസിൽ പരാമർശം വന്നേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ. എൺപതുകളുടെ അവസാനം സർവീസസിലൂടെയാണ് സമദൂരം എന്ന പരാമർശം നടത്തിയത്
മുൻപ് എൻ.ഡി.പിയെ യു.ഡി.എഫിൽ നിന്ന് പിൻവലിച്ച് എൽ.ഡി.എഫ് പ്രവേശനത്തിന് കരുക്കൾ നീക്കിയെങ്കിലും ഇ.എം.എസിന്റെ ഉപാധികൾ സ്വീകാര്യമായില്ല. മുന്നണിയിലെടുക്കാം, പക്ഷേ, നിയമസഭാ സീറ്റ് നൽകില്ല എന്നാണ് ദൂതൻ വഴി അറിയിച്ചത്
ഇതോടെ അന്നത്തെ ജന.സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ തുല്യഅകലം എന്ന നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് ക്രമേണ സമദൂരമാത്. യു.ഡി.എഫുമായി അടുപ്പം പുലർത്തിയ നേതൃത്വം പലപ്പോഴും സമദൂരത്തിൽ ശരിദൂരവും കണ്ടെത്തി
സ്വാഗതാർഹം: വെള്ളാപ്പള്ളി
ചേർത്തല : പ്രശ്നാധിഷ്ഠിതമായ എതിർപ്പുകളേ എൻ.എസ്.എസിന് സർക്കാരിനോടുള്ളൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെ എല്ലാ കാര്യത്തിലും എൻ.എസ്.എസ് എതിർത്തിരുന്നില്ല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടയിരുന്നു എതിർപ്പ്. പല വിഷയങ്ങളിലും എൻ.എസ്.എസിന് സ്വന്തം നിലപാടുണ്ട്. ജനറൽ സെക്രട്ടറി സുകുമാരൻനായർ പറഞ്ഞത് ശരിയാണ്. ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസുകാർ പോകരുതെന്ന് കെ.പി.സി.സി വിലക്കിയ വീടാണ് എന്റേത്. പലരും പാത്തും പതുങ്ങിയുമാണ് വരുന്നത്. കുടുക്കാൻ ശ്രമിച്ചവരാണ് ഇക്കൂട്ടരെന്നും വെള്ളാപ്പള്ളി പറഞ്ഞു.