തുമ്പില്ലാത്ത കേസിൽ ജീവൻ പണയം വച്ച് പ്രതിയുമായി തുമ്പ പൊലീസ്
കുളത്തൂർ: കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ സൈബർ കുറ്റവാളിയും കർണാടക സ്വദേശിയുമായ പ്രകാശ് ഈരപയെ തുമ്പ പൊലീസ് അറസ്റ്ര് ചെയ്തത് ആറു ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ. വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴിയായിരുന്നു തട്ടിപ്പ്.
കർണാടകയിലെ കലബുറഗിക്കടുത്തെ കുഗ്രാമത്തിൽ നിന്നാണ് എസ്.ഐ സുധീഷിന്റെ നേതൃത്വത്തിൽ പ്രകാശ് ഈരപയെ പിടികൂടിയത്. ഒരു മൊബൈൽ നമ്പർ മാത്രമായിരുന്നു തുമ്പ്. കർണാടകത്തിലെത്തി മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
വ്യത്യസ്ത ഇടങ്ങളിലായി അഞ്ച് ബാങ്കുകളിൽ പ്രതിക്ക് അക്കൗണ്ടുണ്ട്. പിടിയിലായതോടെ, പണം നഷ്ടപ്പെട്ടയാൾക്ക് 10 ലക്ഷം ട്രാൻഫർ ചെയ്യാമെന്നും പൊലീസ് ചോദിക്കുന്നതെന്തും കൊടുക്കാമെന്നും പറഞ്ഞ് സംഘത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. വഴങ്ങാതായതോടെ ഇയാളുടെ കൂട്ടാളികളെത്തി ഭീഷണി മുഴക്കാൻ തുടങ്ങി. ഒടുവിൽ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടി.
തുടർന്ന് അശോക് നഗറിലെ ലോക്കൽ പൊലീസ് പ്രതിയുമായി സ്റ്റേഷനിലെത്തി.അവിടെ രാഷ്ട്രീയക്കാരും പ്രതിയുടെ ഗുണ്ടകളും കാത്തുനിൽപ്പുണ്ടായിരുന്നു.അവിടത്തെ എസ്.എച്ച്.ഒയും കേരള പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു.പ്രയോജനമില്ലെന്ന് കണ്ടതോടെ സ്റ്റേഷനിലെ പൊലീസുകാർ അപ്രത്യക്ഷമായി.എന്തും വരട്ടേയെന്ന് കരുതി വൈദ്യപരിശോധനക്കായി പ്രതിയെ വിലങ്ങു വച്ച് പുറത്തിറക്കി. പുറത്തെ സംഘം വളഞ്ഞപ്പാേൾ പൊലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ തുടങ്ങി.ഇതോടെ ജി.ഡി ആൾക്കൂട്ടത്താേട് എന്തോ വിളിച്ചു പറഞ്ഞു.പ്രതിഷേധിച്ചവർ വഴി മാറി. തുടർന്ന് ഓട്ടോയിൽ പ്രതിയെ ആശുപത്രിലെത്തിച്ചു.
പ്രതിയെ 6.30ന് കോടതിയിലെത്തിച്ചപ്പോൾ മജിസ്ട്രേറ്റ് പൊയ്ക്കഴിഞ്ഞിരുന്നു.മജിസ്ട്രേറ്റിന്റെ ഫോൺ നമ്പർ ചോദിച്ചിട്ട് ആരും നൽകിയില്ല.പുറത്തിറങ്ങിയാൽ അവിടെ കാത്തുനിൽക്കുന്ന പ്രതിയുടെ ഗുണ്ടകൾ പ്രതിയെ ബലമായി കൊണ്ടുപോകും എന്ന സ്ഥിതി. കോടതി അടച്ചു തുടങ്ങിയതോടെ അന്വേഷണ സംഘം പ്രതിയുമായി സമീപത്തെ ലീഗൽ സർവിസ് അതോറിട്ടി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന മജിസ്ട്രേറ്റ് റാങ്കിലെ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞു.
തുടർന്ന് ലീഗൽ സർവിസ് അതോറിട്ടിയുടെ മേൽനോട്ടത്തിൽ പ്രതിയുമായി മജിസ്ട്രേറ്റിന്റെ വീട്ടിലെത്തി. അപ്പോഴും പ്രതിയുടെ ഗുണ്ടകൾ സംഘത്തെ പിന്തുടർന്നു. മജിസ്ട്രേറ്റിനോട് കാര്യങ്ങൾ വിവരിച്ചെങ്കിലും അടുത്ത ദിവസം വരാനാണ് ആവശ്യപ്പട്ടത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതോടെയാണ് മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്. ഇതിനിടെ പുറത്ത് തടിച്ചുകൂടി നിന്ന ഗുണ്ടകൾ പ്രതിയെ വിട്ടുകിട്ടണമെന്ന് ബഹളം വച്ചതോടെ മജിസ്ട്രേറ്റ് സുരക്ഷാ ഉദ്വേഗസ്ഥരെ വിളിച്ചു വരുത്തി ഗുണ്ടകളെ തുരത്തി.തുടർന്ന് രാത്രി 9ന് പ്രതിയെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു.ഉദ്യോഗസ്ഥരായ മഹേഷ്,സജാദ് എന്നിവരുൾപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.എസ്.എച്ച്.ഒ ബിനുവിന്റെ നിർദ്ദേശാനുസരണമാണ് അന്വേഷണം.