മൺസൂൺ തീരുന്നു: കാര്യമായ മഴക്കുറവില്ല... ജില്ല ജലസമൃദ്ധം
തൃശൂർ: മൺസൂൺ കാലയളവ് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ നേരിയ മഴക്കുറവ് മാത്രം. ഇന്നലെ വരെയുള്ള കണക്കുപ്രകാരം ഇപ്പോഴും നാലു ശതമാനത്തിന്റെ മാത്രം മഴക്കുറവാണുള്ളത്. അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് മഴ നന്നായി ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നു. മൺസൂൺ കണക്ക് ആരംഭിക്കുന്ന ജൂൺ ഒന്ന് മുതൽ സെപ്തംബർ 24 വരെ 2076.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1988.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ മഴ മേയ് 20 കഴിഞ്ഞപ്പോൾ തന്നെ ലഭിച്ചിരുന്നു. ജൂൺ ഒന്നു വരെയുള്ള സമയത്തിനുള്ളിൽ മാത്രം ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിനിടെ മൺസൂൺ കലായളവിൽ തന്നെ രൂപപ്പെട്ട ശക്തമായ ന്യുനമർദ്ദവും ഗുണം ചെയ്തു. ജില്ലയിലെ ഭൂരിഭാഗം ഡാമുകളും പല തവണ തുറന്നിരുന്നു. കഴിഞ്ഞ വർഷം അശാസ്ത്രീയമായ രീതിയിൽ പീച്ചി, വാഴാനി ഡാമുകൾ തുറന്നു വിട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലായത്. കോടികളുടെ നഷ്ടവം സംഭവിച്ചിരുന്നു. എന്നാൽ, ഇത്തവണ കൃത്യമായ നിരീക്ഷണം ഉണ്ടായിരുന്നതിനാൽ ഇടവേളകളിൽ ഡാമുകൾ തുറന്ന് ജലവിതാനം ക്രമീകരിച്ചിരുന്നു.
കാർഷിക മേഖലയ്ക്ക് ഗുണം
ജലസംഭരണികൾ നിറഞ്ഞു കിടക്കുന്നത് കാർഷിക മേഖലയ്ക്ക് ഏറെ ഗുണപ്രദമാകും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും സാധിക്കും. കഴിഞ്ഞദിവസം മഴ വീണ്ടും ശക്തമായതോടെ പീച്ചി ഡാം തുറന്നിരുന്നു. ഒക്ടോബർ ഒന്നു മുതൽ പെയ്യുന്ന തുലാവർഷ കണക്കിലാണ് ഉൾപ്പെടുക. അതേ സമയം ഇടയ്ക്കിടെ രൂപപ്പെടുന്ന ന്യുനമർദ്ദങ്ങൾ കാർഷിക മേഖലയ്ക്ക് ആശങ്ക പരത്തുന്നുണ്ട്. ഇപ്പോൾ മുണ്ടകൻ കൃഷി ഇറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.
പീച്ചി ദുരന്തം: ഉദ്യോഗസ്ഥർക്കെതിരെ നടപടി പൂഴ്ത്തി സർക്കാർ
തൃശൂർ: പീച്ചി ഡാം ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് കോടികളുടെ നഷ്ടമുണ്ടാക്കിയതിന്റെ കാരണക്കാർ ഉദ്യോഗസ്ഥരാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും നടപടിയെടുക്കാത്തതിനെതിരെ നിയമപോരാട്ടവുമായി കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത്. കഴിഞ്ഞവർഷം ജൂലായ് 29നാണ് രാത്രിയിൽ ഷട്ടറുകൾ 72 ഇഞ്ച് വരെ ഉയർത്തിയതോടെ 79 കോടിയുടെ നഷ്ടമുണ്ടായത്. വീടുകളും മതിലുകളും തകരുകയും പലർക്കും മാറി താമസിക്കേണ്ടി വരികയും റോഡുകൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം സബ് കളക്ടർ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാൽ ഈ റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷമായി പൂഴ്ത്തിവച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ലോകായുക്തയിലും ഷാജി കോടങ്കണ്ടത്ത് പരാതി നൽകിയിരുന്നു. പേരിന് സഹായം നൽകിയെങ്കിലും പലർക്കും നഷ്ടം നികത്താനുള്ള നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
രാത്രിയിൽ വെള്ളം തുറന്നുവിട്ട് വൻദുരന്തം വരുത്തിവച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള പോരാട്ടം തുടരും. ജനങ്ങളെ കഷ്ടത്തിലാക്കിയവർക്കെതിരെ നടപടിയെടുപ്പിക്കാൻ ഹൈക്കോടതിയിലും ലോകായുക്തയിലും ഹർജി നൽകിയിട്ടുണ്ട്.
-അഡ്വ.ഷാജി കോടങ്കണ്ടത്ത്,
കെ.പി.സി.സി സെക്രട്ടറി