കോൺ. പ്രവർത്തക സമിതി പ്രമേയം, വോട്ടുകൊള്ള ജനാധിപത്യത്തിന് ഭീഷണി
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കലും വോട്ടുകൊള്ളയും ജനാധിപത്യത്തിന് ഭീഷണിയെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി യോഗം രാഷ്ട്രീയ പ്രമേയം പാസാക്കി. വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ ജനാധിപത്യത്തിന്റെ അടിത്തറയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇളക്കി. അട്ടിമറികൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം. വോട്ടിന്റെ ശക്തി എന്തെന്ന് ബീഹാറിലെ ജനങ്ങൾ തിരിച്ചറിയണം. പാവപ്പെട്ടവർ, തൊഴിലാളികൾ, പിന്നാക്ക വിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ വോട്ടവകാശം നിഷേധിക്കാനാണ് ശ്രമം. വോട്ടുകൊള്ളയ്‌ക്കെതിരെ നടക്കുന്ന ജനാധിപത്യ പോരാട്ടത്തിൽ എല്ലാ വോട്ടർമാരും അണിചേരണമെന്നും ഇന്നലെ പാട്നയിൽ ചേർന്ന പ്രവർത്തക സമിതി യോഗം പാസാക്കിയ പ്രമേയത്തിൽ അഭ്യർത്ഥിച്ചു. 85 വർഷത്തിനു ശേഷമാണ് പാട്നയിൽ പ്രവർത്തക സമിതി ചേർന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു.
പ്ലൂട്ടോണിയം ബോംബ് പൊട്ടും
മിനി ഹൈഡ്രജൻ ബോംബ്, ഹൈഡ്രജൻ ബോംബ് എന്നിവ മാത്രമല്ല പ്ലൂട്ടോണിയം ബോംബും ഒരു മാസത്തിനകം വരുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുൽ ഗാന്ധി വിവരങ്ങൾ വെളിപ്പെടുത്തും. ബീഹാറിലെ എൻ.ഡി.എ സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസും ആർ.ജെ.ഡിയും അടക്കമുള്ള മഹാഗഡ്ബന്ധൻ അധികാരത്തിലെത്തുമെന്നും ജയറാം രമേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗാസയിൽ ആശങ്ക
ഗാസയിലെ സാഹചര്യത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി. നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കുന്നു. ഇന്ത്യ എല്ലായ്പ്പോഴും ധാർമ്മിക മന:സാക്ഷിയുടെ ദീപസ്‌തംഭമായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് നിശബ്‌ദ കാഴ്ചക്കാരനായി ചുരുങ്ങി. ഇന്ത്യയുടെ വിദേശനയം ധാർമ്മികമായി കളങ്കപ്പെട്ടിരിക്കുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കി.