എക്‌സ് സർവീസ്‌മെനിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തങ്ങൾക്ക് നൽകണംമെന്ന് എം.എൻ.എസ് വെറ്ററൻ അസോസിയേഷൻ

Thursday 25 September 2025 1:27 AM IST

ന്യൂഡൽഹി: വർഷങ്ങളോളം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച മിലിട്ടറി നഴ്‌സിംഗ് ഓഫീസർമാർ കടുത്ത വിവേചനം നേരിടുന്നതായി മിലിട്ടറി നഴ്‌സിംഗ് സർവീസ് (എം.എൻ.എസ്) വെറ്ററൻ ഓഫീസേഴ്‌സ് അസോസിയേഷൻ (നാരീശക്തി ഫോറം). സൈന്യത്തിലെ മറ്റു വിഭാഗങ്ങളിലുള്ളവർക്കുള്ള പല ആനുകൂല്യങ്ങളും നഴ്‌സിംഗ് ഓഫീസർമാർക്ക് ലഭിക്കുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിരമിച്ച മിലിട്ടറി നഴ്‌സിംഗ് ഓഫീസർമാർക്ക് എക്‌സ് സർവീസ്‌മെനിന് നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് അസോസിയേഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സംവരണം ഉൾപ്പെടെ വിമുക്തഭടൻമാർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ വിരമിച്ച നഴ്‌സിംഗ് ഓഫീസർമാർക്ക് കിട്ടുന്നില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ച് അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ല. സർവീസിലുള്ള മിലിട്ടറി നഴ്‌സിംഗ് ഓഫീസർമാരും പ്രമോഷൻ വൈകുന്നതടക്കമുള്ള വിവേചനങ്ങൾ നേരിടുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് റിട്ട. ലഫ്റ്റനന്റ് കേണൽ ടി.പി പൊന്നമ്മ പറഞ്ഞു. ഇന്ത്യയിൽ മിലിട്ടറി നഴ്‌സിംഗ് സർവീസ് (എം.എൻ.എസ്) തുടങ്ങിയിട്ട് 100 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായാണ് വിരമിച്ച നഴ്‌സിംഗ് ഓഫീസർമാർ ഡൽഹിയിൽ യോഗം ചേർന്നത്. 1926ലാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മിലിട്ടറി നഴ്‌സിംഗ് സർവീസ് സ്ഥാപിക്കപ്പെട്ടത്. 100ാം വാർഷികത്തിന്റെ ഭാഗമായി സൈന്യം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 18ന് ലഡാക്കിൽ പർവതാരോഹണ പര്യവേക്ഷണത്തോടെ ആഘോഷത്തിന് തുടക്കമായി. കരസേനയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധന സക്‌സേന നായരാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.