മഴയിൽ വലഞ്ഞ് കൊൽക്കത്ത: മരണം പത്തായി

Thursday 25 September 2025 1:27 AM IST

കൊൽക്കത്ത: 39 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയിൽ വലഞ്ഞ കൊൽക്കത്തയിൽ മരണം പത്തായി. വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് ഒമ്പതുപേരും മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന മഴയെത്തുടർന്ന് വൻ നാശനഷ്ടമാണുണ്ടായത്. ചില ഭാഗങ്ങളിൽ ഇപ്പോഴും ശക്തമായ മഴയാണ്. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. റെയിൽ, റോഡ്, വ്യോമ ഗതാഗതം പ്രതിസന്ധിയിലായി.

100ഓളം വിമാന സർവീസുകൾ റദ്ദാക്കി. സ്‌റ്റേഷനുകളിൽ വെള്ളം കയറിയതോടെ മെട്രോ സർവീസും തടസപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനർജി ദുർഗാ പൂജ പരിപാടികൾ റദ്ദാക്കി. സുരക്ഷിതമായ സ്ഥലത്തേക്കുമാറണമെന്നു ജനങ്ങൾക്കു നിർദ്ദേശം നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ദക്ഷിണ ബംഗാൾ ജില്ലകളിൽ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുർഗാ പൂജയ്ക്കുള്ള തിരക്കിനിടെയാണ് അതിശക്തമായ മഴ പെയ്തത്.

24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1986ന് ശേഷം നഗരം കണ്ട ഏറ്റവും ശക്തമായ മഴയാണ്. 137 വർഷത്തിനിടയിൽ ഈ മേഖലയിൽ പെയ്ത ആറാമത്തെ ഏറ്റവും ഉയർന്ന മഴയും. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപംകൊണ്ട ന്യൂനമർദ്ദ മഴ ലഭിച്ചതെന്ന് ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നഗരം ജാഗ്രതയിലാണ്. ഇത്രയും മഴ ഇതുവരെ കണ്ടിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, മഴക്കെടുതിയുലുണ്ടായ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു.

സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.