വിമാന ദുരന്തം: ജുഡി. അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന

Thursday 25 September 2025 1:28 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന രംഗത്ത്. ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്റ്സ്(എഫ്.ഐ.പി) സംഘടന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി)​ അന്വേഷണം തൃപ്‌തികരമല്ലെന്ന നിലപാടിലാണ് സംഘടന. അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്രുമാരെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പ്രാഥമികാന്വേഷണ റിപ്പോ‌ർട്ടെന്ന് ചൂണ്ടിക്കാട്ടി. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചേക്കും. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന സേഫ്റ്റി മാറ്റേഴ്സ് എന്ന സന്നദ്ധസംഘടനയുടെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അന്വേഷണം ശരിയായ ദിശയിലാണോയെന്ന് പരിശോധിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊ, ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി.