പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനം; സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരും
ചണ്ഡിഗഡ്: പ്രായപരിധി വിഷയത്തിൽ തർക്കമുണ്ടെങ്കിലും സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരും. ഡി രാജയ്ക്ക് ഇളവ് നൽകാൻ ദേശീയ എക്സിക്യൂട്ടിവിൽ തീരുമാനമായി. ഇളവ് നൽകാനുള്ള എക്സിക്യൂട്ടിവ് തീരുമാനം ഇന്ന് ദേശീയ കൗൺസിലിൽ ചർച്ച ചെയ്യും. അന്തിമ തീരുമാനം ദേശീയ കൗൺസിലിന്റേതാണ്.
രാജയ്ക്ക് പകരം പരിഗണിക്കേണ്ട പഞ്ചാബിൽ നിന്നുള്ള അമർജിത് കൗറിന്റെ പേര് കൂടുതൽ ഘടകങ്ങൾ തള്ളിയതിന് പിന്നാലെയാണ് പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. യോഗത്തിൽ വികാരഭരിതനായ രാജ തന്റെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് പാർട്ടി കാണുന്നില്ലെന്ന് ചോദിച്ചു. തന്നെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും രാജ പ്രതികരിച്ചു.
75 വയസ് പ്രായ പരിധി നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്ന കേരള ഘടകം വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായെന്നാണ് അറിഞ്ഞത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാർ അടക്കം വടക്കേ ഇന്ത്യൻ ഘടകങ്ങൾ രാജയ്‌ക്കൊപ്പമാണ്. കേരളത്തിനൊപ്പം തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹരാഷ്‌ട്ര ഘടകങ്ങളുടെ നിലപാട് നിർണായകമാകും. ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പിലേക്ക് പോകില്ലെന്ന് സി.പി.ഐ നേതാക്കൾ വ്യക്തമാക്കിയിരുന്നു.വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ രാജയ്‌ക്കിത് മൂന്നാമൂഴമാകും. 2019ൽ സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞപ്പോൾ സ്ഥാനമേറ്റ രാജയ്‌ക്ക് 2022ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ തുടർച്ച ലഭിച്ചിരുന്നു.