ക്ലോഡിയ കാർഡിനേൽ ഓർമ്മയായി

Thursday 25 September 2025 6:50 AM IST

റോം : വിഖ്യാത ഇറ്റാലിയൻ നടി ക്ലോഡിയ കാർഡിനേൽ (87) അന്തരിച്ചു. ചൊവ്വാഴ്ച ഫ്രാൻസിലെ നെമൂറിലെ വസതിയിലായിരുന്നു അന്ത്യം. 60കളിലും 70കളിലും ഇറ്റാലിയൻ, ഹോളിവുഡ് സിനിമകളിലെ സ്വപ്ന സുന്ദിയായി തിളങ്ങിയ ക്ലോഡിയ അലെൻ ഡിലോൺ മുതൽ ഹെൻറി ഫോണ്ട വരെ ഇതിഹാസ താരങ്ങൾക്കൊപ്പം അവിസ്മരണീയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1938ൽ ഇന്നത്തെ ട്യൂണീഷ്യയിൽ ഒരു ഇറ്റാലിയൻ കുടുംബത്തിലായിരുന്നു ക്ലോഡിയയുടെ ജനനം.

1957ൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ട്യൂണീഷ്യയിലെ ഏറ്റവും സുന്ദരിയായ ഇറ്റാലിയൻ പെൺകുട്ടിയെന്ന പട്ടം സ്വന്തമാക്കുകയും ചെയ്തു. ഇറ്റലിയിലേക്കുള്ള യാത്രയായിരുന്നു സമ്മാനം. ക്ലോഡിയയുടെ ജീവിതത്തെ മാറ്റിമറിച്ച യാത്രയായിരുന്നു അത്. കൈനിറയെ സിനിമാ ഓഫറുകൾ വന്നെത്തി.

ഈജിപ്ഷ്യൻ നടൻ ഒമർ ഷെരീഫീന്റെ ഗോഹയിൽ (1958) ചെറിയ വേഷത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ റോക്കോ ആൻഡ് ഹിസ് ബ്രദേഴ്സ് (1960), ഗേൾ വിത്ത് എ സ്യൂട്ട്കേസ് (1961), കാർറ്റൂഷ് (1962), ദ ലെപ്പേഡ് (1963), ഫെഡെറികോ ഫെല്ലിനിയുടെ ക്ലാസിക്കായ 8½ (ഏയ്റ്റ് ആൻ‌ഡ് എ ഹാഫ് -1963) തുടങ്ങിയ സിനിമകളിലൂടെ ഇറ്റാലിയൻ സിനിമയിലെ താരറാണിയായി.

ദ പിങ്ക് പാന്തർ (1963), ബ്ലൈൻഡ്‌ഫോൾഡ് (1965), ലോസ്റ്റ് കമാൻഡ് (1966), ദ പ്രൊഫഷണൽസ് (1966) തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും സെർജിയോ ലിയോണിന്റെ വിഖ്യാത വെസ്റ്റേൺ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ ദ വെസ്റ്റിലും (1968) ക്ലോഡിയ അഭിനയിച്ചു. ഫ്രഞ്ച് സിനിമകളിലും സജീവ സാന്നിദ്ധ്യമായി.

സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ക്ലോഡിയയെ 2000ത്തിൽ യുനെസ്കോയുടെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുത്തു. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായാണ് ക്ലോഡിയ അറിയപ്പെടുന്നത്. ഇറ്റാലിയൻ നിർമ്മാതാവ് ഫ്രാങ്കോ ക്രിസ്റ്റാൽഡി, സംവിധായകൻ പാസ്‌ക്വൽ സ്‌ക്വിറ്റിയേരി എന്നിവർ ജീവിത പങ്കാളികളായിരുന്നു. രണ്ട് മക്കളുണ്ട്.