യു.എന്നിൽ ആഞ്ഞടിച്ച് ഇന്ത്യ --- പാകിസ്ഥാൻ സ്വന്തം ജനതയ്ക്ക് നേരെ ബോംബിടുന്നവർ

Thursday 25 September 2025 7:04 AM IST

ജനീവ: സ്വന്തം പൗരന്മാരെ തന്നെ ബോംബിട്ടുകൊന്ന പാകിസ്ഥാനെ, ഐക്യരാഷ്ട്ര സഭ (യു.എൻ) മനുഷ്യാവകാശ കൗൺസിലിൽ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഇന്ത്യ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിൽ തുടരുന്ന സ്വന്തം സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ടതെന്നും പീഡനങ്ങളാൽ കറപിടിച്ചതാണ് അവരുടെ മനുഷ്യാവകാശ ചരിത്രമെന്നും ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി ചൂണ്ടിക്കാട്ടി.

ഒരു പ്രതിനിധി സംഘം ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തി വേദിയെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്ന് പാകിസ്ഥാനെ ഉന്നമിട്ട് ത്യാഗി വ്യക്തമാക്കി. ' ഞങ്ങളുടെ പ്രദേശത്ത് കണ്ണുവയ്ക്കുന്നതിന് പകരം, നിയമ വിരുദ്ധമായി അധിനിവേശം നടത്തിയ ഇന്ത്യൻ പ്രദേശത്തുനിന്ന് വിട്ടുപോകുന്നതാണ് അവർക്ക് നല്ലത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം കൊണ്ട് പിടിച്ചുനിൽക്കുന്ന സ്വന്തം സമ്പദ്‌വ്യസ്ഥയേയും സൈനിക മേധാവിത്വത്താൽ സ്തംഭിച്ച ഭരണ സംവിധാനങ്ങളെയും പീഡനങ്ങളാൽ കളങ്കിതമായ മനുഷ്യാവകാശ ചരിത്രത്തെയും രക്ഷിക്കാൻ അവർ ശ്രമിക്കണം.

എന്നാൽ, തീവ്രവാദം കയ​റ്റുമതി ചെയ്യുന്നതിനും യു.എൻ കരിമ്പട്ടികയിൽപ്പെടുത്തിയ തീവ്രവാദികളെ സംരക്ഷിക്കുന്നതിനും സ്വന്തം ജനങ്ങൾക്ക് നേരെ ബോംബിടുന്നതിനും ഇടയിൽ സമയം കണ്ടെത്താനായാലേ അവർക്ക് അതിന് കഴിയൂ"- ത്യാഗി കൂട്ടിച്ചേർത്തു.

# സാധാരണക്കാരെ വേട്ടയാടുന്നു

 തിങ്കളാഴ്ച പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ മാത്രെ ദാര ഗ്രാമത്തിൽ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമടക്കം 30 പേർ

 ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ. എന്നാൽ തകർത്തത് സാധാരണക്കാരുടെ വീടുകൾ

 ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങളിലെത്തി പാക് സൈന്യം വർഷിച്ചത് 8 ബോംബുകൾ. പലരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി

 ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഒഫ് പാകിസ്ഥാൻ അടക്കം സംഘടനകൾ രംഗത്തെത്തിയതോടെ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും ഭീകര ക്യാമ്പുകളിലെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നും പറഞ്ഞ് തടിയൂരാൻ അധികൃതരുടെ ശ്രമം

 ബലൂചിസ്ഥാൻ പ്രവിശ്യയിലും പാക് സൈന്യം ഭീകരരെ ലക്ഷ്യമാക്കുന്നതിന്റെ പേരിൽ സാധാരണക്കാരെ വേട്ടയാടുന്നതായി ആരോപണം ശക്തം