ട്രംപ് പാക് പ്രധാനമന്ത്രിയെ കാണും
Thursday 25 September 2025 7:05 AM IST
ഇസ്ലാമാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും ഇന്ന് വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും ഷെഹ്‌ബാസിന്റെ ഒപ്പമുണ്ടാകും.ഇന്നലെ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി 80 -ാം സെഷന് അനുബന്ധമായി നടന്ന യോഗത്തിനിടെ ട്രംപുമായി ഷെഹ്ബാസ് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 36 സെക്കൻഡ് മാത്രമാണ് ഇത് നീണ്ടത്. ട്രംപിന്റെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും അദ്ധ്യക്ഷതയിൽ നടന്ന അറബ്-ഇസ്ലാമിക് നേതാക്കളുടെ യോഗത്തിൽ ഷെഹ്ബാസ് പങ്കെടുത്തിരുന്നു. അതേസമയം, മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അസീം മുനീർ യു.എസ് സന്ദർശിക്കുന്നത്. ജൂണിൽ വൈറ്റ് ഹൗസിലെത്തിയ മുനീറിന് ട്രംപ് വിരുന്നൊരുക്കിയിരുന്നു. പിന്നാലെ ട്രംപിന് സമാധാന നോബൽ നൽകാൻ പാകിസ്ഥാൻ ശുപാർശ ചെയ്തിരുന്നു.