ദുരിതം വിതച്ച് റഗാസ ചുഴലിക്കാറ്റ് തായ്‌വാനിൽ 17 മരണം
Thursday 25 September 2025 7:05 AM IST
ബീജിംഗ്: തായ്‌വാനിലും തെക്കൻ ചൈനയിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ഇക്കൊല്ലത്തെ ഏറ്റവും ശക്തിയേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ റഗാസ, തായ്‌വാനിൽ നേരിട്ട് കരതൊട്ടില്ല. എന്നാൽ ശക്തമായ മഴയും കാറ്റും തായ്‌വാനിൽ കനത്ത നാശംവിതച്ചു. ഹ്വാളിയൻ കൗണ്ടിയിൽ തടാകം കരകവിഞ്ഞതു മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 17 പേർ മരിച്ചു. 20ഓളം പേരെ കാണാതായി. ഹോങ്കോങ്ങിലും ശക്തമായ മഴയും കാറ്റും ജനജീവിതത്തെ ബാധിച്ചു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 5ഓടെ തെക്കൻ ചൈനയിലെ യാങ്ങ്‌ജിയാംഗിൽ മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിൽ കരതൊട്ട റഗാസ മാവോമിംഗ് നഗരത്തെ ലക്ഷ്യമാക്കി നീങ്ങി. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് ഗ്വാങ്ങ്ഡോങ്ങ് പ്രവിശ്യയിൽ നിന്ന് 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.