ഫാക്ടറി തൊഴിലാളിയുടെ ജീവനെടുത്ത് റോബോട്ടിക് മെഷീൻ
വാഷിംഗ്ടൺ: യു.എസിലെ വിസ്കോൺസിനിൽ റോബോട്ടിക് മെഷീനിൽ ഞെരിഞ്ഞമർന്ന് പിസാ ഫാക്ടറി ജീവനക്കാരന് ദാരുണാന്ത്യം. ഈ മാസം 17ന് വെസ്റ്റ് മിൽവോക്കിയിലെ പാലെർമോസ് പിസാ ഫാക്ടറിയിലായിരുന്നു സംഭവം. റോബർട്ട് ചെറോൺ (45) ആണ് മരിച്ചത്.
റോബോട്ടിക് സംവിധാനങ്ങൾ മാവ് പാകപ്പെടുത്തുകയും പിസയ്ക്ക് ആകൃതി വരുത്തുകയും ചെയ്യുന്ന പ്രൊഡക്ഷൻ ഏരിയയിലായിരുന്നു അപകടം. ഇത്തരം ഒരു മെഷീന്റെയുള്ളിൽ റോബർട്ട് കുടുങ്ങുകയായിരുന്നു. എന്നാൽ ഇതെങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല. റോബർട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേ സമയം, ഇതാദ്യമായല്ല റോബോട്ടുകളുടെ കൈകൾ മനുഷ്യരുടെ ജീവൻ കവരുന്നത്. സെൻസർ പിഴവ് മൂലം അബദ്ധത്തിൽ മനുഷ്യനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് റോബോട്ടുകളെ അപകടകാരികളാക്കുന്നത്. 2023ൽ ദക്ഷിണ കൊറിയയിൽ വ്യാവസായിക റോബോട്ടിന്റെ കൈയ്യിൽ ഞെരിഞ്ഞമർന്ന് 40കാരനായ ഫാക്ടറി തൊഴിലാളി മരണമടഞ്ഞിരുന്നു.
അറിയപ്പെട്ടതിൽ ഒരു റോബോട്ടിന്റെ കൈകളാൽ കൊല്ലപ്പെട്ട ലോകത്തെ ആദ്യ മനുഷ്യൻ 25കാരനായ റോബർട്ട് വില്യംസാണ്. 1979 ജനുവരി 25ന്, മിഷിഗണിൽ ഫോർഡ് കമ്പനിയുടെ പ്ലാന്റിലെ ജീവനക്കാരനായ വില്യംസിനെ റോബോട്ട് തലക്കടിച്ചാണ് കൊന്നത്.
ഉയരത്തിലുള്ള ഷെൽഫുകളിൽ നിന്ന് കാറിന്റെ വസ്തുക്കൾ എടുക്കുന്ന റോബോട്ടിൽ സാങ്കേതിക തകരാർ സംഭവിച്ചതിനാൽ വില്യംസ് വസ്തുക്കളെടുക്കാൻ ഷെൽഫിലേക്ക് കയറി. ഇതിനിടെ തകരാറിലായ റോബോട്ട് കാറിന്റെ ഭാഗമാണെന്ന് കരുതി വില്യംസിനെ അടിക്കുകയായിരുന്നു.