കോംഗോയിൽ 11 പുതിയ എബോള കേസുകൾ

Thursday 25 September 2025 7:05 AM IST

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) 11 പുതിയ എബോള കേസുകൾ കൂടി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഇതോടെ സെപ്തംബർ 4 മുതൽ കോംഗോയിൽ കണ്ടെത്തിയ എബോള കേസുകൾ 57 ആയി. ഇതിൽ 35 പേർ മരിച്ചു. രോഗവ്യാപനം കൂടുതലും കസായി പ്രവിശ്യയിലാണ്. കോംഗോയിൽ ഇത് 16 -ാം തവണയാണ് എബോള വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷം മുന്നേയാണ് കോംഗോയിൽ അവസാനമായി എബോള വ്യാപനമുണ്ടായത്. അന്ന് 6 പേർ മരിച്ചു. 2018-20 കാലയളവിലുണ്ടായ വ്യാപനം 2,000ത്തിലേറെ പേരുടെ ജീവൻ കവർന്നിരുന്നു. പഴംതീനി വവ്വാലുകളാണ് എബോള വൈറസിന്റെ ഉത്ഭവ കേന്ദ്രങ്ങൾ. 1976ൽ കോംഗോയിലെ എബോള നദിയ്ക്ക് സമീപമാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.