വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആര്യനാട്: ആര്യനാട് വിനോബ നികേതൻ മലയടിയിൽ വീട്ടിൽ അതിക്രമിച്ച് കയറി 69കാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പറണ്ടോട് സ്വദേശിയും മത്സ്യ കച്ചവടക്കാരനുമായ നജീം(26)ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയൽവാസിയായ സഹോദരിയുടെ വീട്ടിൽ സ്ഥിരമായി വരുന്ന നജീം വൃദ്ധയുടെ വീടിന് മുന്നിലാണ് വാഹനം നിറുത്തുന്നത്. പതിവ് പോലെ എത്തിയപ്പോൾ വയോധിക ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടാണ് ഇയാൾ ആക്രമിച്ചത്. ഈ സമയം പുറത്തുപോയ വൃദ്ധയുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ നജീം ഉപദ്രവിക്കുന്നത് കണ്ടു. തുടർന്ന് ബഹളംവെച്ച് നാട്ടുകാരെ വിളിച്ചു വരുത്തി. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരണ് വിതുര പൊലീസിനെ വിവരം അറിയിക്കുന്നത്. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിയ നജീം അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്ത് കാലിലും കഴുത്തിലും കെട്ടി വലിച്ചു മുറുക്കി ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് കണ്ട പൊലീസുകാർ ഇലാസ്റ്റിക് മുറിച്ച് ഇയാളെ രക്ഷപ്പെടുത്തി ആര്യനാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്റ്റേഷനിലേയ്ക്ക് മാറ്റി. വൃദ്ധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.